സിനിമയില്‍ ലൈംഗികാതിക്രമമോ സമാനമായ അനുഭവമോ നേരിട്ടിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ പരാതിയുമായി മുന്നോട്ടുവരണമെന്ന് സിനിമാമന്ത്രി സജി ചെറിയാന്‍. സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ തിരുവല്ലയില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയപ്പോഴാണ് മന്ത്രിയുടെ ആഹ്വാനം. കേരളത്തില്‍ പല സ്ഥലങ്ങളിലും പല സന്ദര്‍ഭങ്ങളിലും സിനിമാ സെറ്റുകളില്‍ വനിതാ സിനിമാപ്രവര്‍ത്തകരോട് വളരെ മോശമായ പെരുമാറ്റം ഉണ്ടായ ധാരാളം കേസുകള്‍ ഉണ്ടായിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സിനിമാ നയവും സിനിമാ കോണ്‍ക്ലേവും കഴിഞ്ഞശേഷം ഇതില്‍ വലിയ കുറവുണ്ടായെന്ന് മന്ത്രി അവകാശപ്പെട്ടു.
‘ഇപ്പോഴും ഞാന്‍ പറയുന്നു, പരാതി കൊടുക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പരാതി കൊടുക്കുക. അതില്‍ ഉറച്ചുനില്‍ക്കുക. പരാതി കൊടുത്തിട്ട് ഏതെങ്കിലും തരത്തില്‍ അത് പിന്‍വലിച്ചുകൊണ്ട് പോകരുത്. ബോള്‍ഡായി നിലപാടെടുക്കുക.’ – സിനിമാമന്ത്രി പറഞ്ഞു. പരാതി കൊടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള ഏറ്റവും ഫലപ്രദമായ സംവിധാന സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. മൂന്ന് പ്രധാന വനിതാ പൊലീസ് ഓഫിസര്‍മാരുള്‍പ്പെട്ട സംവിധാനം ഇപ്പോഴും കേരളത്തിലുണ്ട്. പരാതിയുള്ളവര്‍ അതിനുമുന്നിലേക്ക് എത്തണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതയായിരിക്കണമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ആരെയെങ്കിലും വ്യക്തിപരമായ കൈകാര്യം ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതാകരുത് പരാതി. ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് അതില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കും. ഏതെങ്കിലും കാരണവശാല്‍ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി തെറ്റായ പരാതി നല്‍കിയാല്‍ അതിലും നടപടിയുണ്ടാകും. സിനിമാനയത്തിന്‍റെ തുടര്‍ച്ചയായ നിയമം അടുത്ത സര്‍ക്കാര്‍ നടപ്പാക്കുമെന്നും സജി ചെറിയാന്‍ പ്രഖ്യാപിച്ചു.