വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പിലേക്ക് അർഹരായവരുടെ അന്തിമ പട്ടിക അനശ്ചിതമായി നീളുന്നു. കഴിഞ്ഞ ജനുവരി 31ന് മുൻപ് പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. മഴക്കാലത്തിന് മുമ്പ് ടൗൺഷിപ്പിലേക്ക് മാറാമെന്ന ഇവരുടെ പ്രതീക്ഷയും വെറുതെയായി.

മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പ് ഉദ്ഘാടനം ചെയ്തിട്ട് ഒരു മാസമായി. പണി തീരാത്ത ടൗൺഷിപ്പ് ഉദ്ഘാടനം ചെയ്യാൻ കാണിച്ച ഉത്സാഹം പക്ഷെ അർഹരായവരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്ന കാര്യത്തിലില്ല. പുനരധിവാസത്തിനുള്ള അർഹതയുണ്ടായിട്ടും ഇതുവരെ പട്ടികയിൽ ഉൾപ്പെടാത്ത നിരവധി കുടുംബങ്ങളുണ്ട്. ലാൻഡ് റവന്യൂ കമ്മിഷണർ അധ്യക്ഷനായുള്ള പരാതി പരിഹാര സമിതി അപേക്ഷകളിന്മേൽ ഹിയറിങ് നടത്തി ജനുവരി 31 മുൻപ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കണമെന്നായിരുന്നു സർക്കാർ ഉത്തരവ്.

ടൗൺഷിപ്പിന്‍റെ ആദ്യഘട്ട ഉദ്ഘാടന വേളയിൽ അന്തിമ പട്ടികയുടെ കാര്യത്തിൽ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും മിണ്ടിയതേയില്ല. ദുരന്തത്തിൽ ഏറെനാശം ഉണ്ടായ പടവെട്ടിക്കുന്ന് മേഖലയിലുള്ളവരും, റാട്ടപ്പാടിക്കാരും പട്ടികയ്ക്ക് പുറത്താണ്. ദുരന്തത്തേക്കാൾ കഷ്ടമാണ് പുനരധിവാസം തേടിയുള്ള അതിജീവിതരുടെ കാത്തിരിപ്പ്. 

Wayanad Landslide Survivors Await Final Township Beneficiary List:

Wayanad landslide victims face prolonged waiting for the final list of beneficiaries for the township, delaying their relocation. Despite the Chief Minister's inauguration of the incomplete township, the publication of the eligible list remains uncertain, leaving many survivors in distress