ലോകായുക്ത നിയമഭേദഗതിയിൽ പ്രതിപക്ഷത്തിന് തിരിച്ചടി. ഭേദഗതി നിയമാനുസൃതമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ശരിവെച്ചു. അതേസമയം, ലോകായുക്ത ശുപാർശ സമർപ്പിച്ച് 3 മാസത്തിനകം നിയമസഭാ തീരുമാനമെടുത്തില്ലെങ്കിൽ ശുപാർശ അംഗീകരിച്ചതായി കണക്കാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. 2022ലെ ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു. ഭേദഗതി നിയമാനുസൃതമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ലോകായുക്തയുടെ വിധി പരിശോധിക്കാൻ സർക്കാരിന് അധികാരം നൽകുന്നത് ആ സംവിധാനത്തിന്‍റെ സ്വതന്ത്ര സ്വഭാവം ഇല്ലാതാക്കുമെന്നായിരുന്നു ഹർജികളിലെ വാദം. നീതിന്യായ സ്വഭാവമുള്ള ലോകായുക്തയുടെ ഉത്തരവുകൾ റദ്ദാക്കാൻ സർക്കാരിന് അധികാരം നൽകുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചിരുന്നു. എന്നാൽ ഈ വാദങ്ങൾ ഹൈക്കോടതി തള്ളി. അതേസമയം, ലോകായുക്ത ശുപാർശ സമർപ്പിച്ച് 3 മാസത്തിനകം നിയമസഭാ തീരുമാനമെടുത്തില്ലെങ്കിൽ ശുപാർശ അംഗീകരിച്ചതായി കണക്കാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ലോകായുക്തയുടെ വിധി പരിശോധിക്കാനും അത് തള്ളാനോ കൊള്ളാനോ ഉള്ള അധികാരം നിയമസഭയ്ക്കും, മുഖ്യമന്ത്രിക്കും നൽകുന്നതാണ് ഭേദഗതി.
മുഖ്യമന്ത്രി പദവിയിലുള്ളവർക്കെതിരെ ആണെങ്കിൽ നിയമസഭയ്ക്കും, മന്ത്രിമാർക്കെതിരെ ആണെങ്കിൽ മുഖ്യമന്ത്രിക്കുമാണ് തീരുമാനമെടുക്കാനുള്ള അധികാരം. എംഎൽഎമാർക്കെതിരായ വിധിയിൽ സ്പീക്കർക്കും തീരുമാനമെടുക്കാം. ഇതിനെയാണ് ഹർജിക്കാർ ചോദ്യം ചെയ്തത്. എന്നാൽ, ലോകായുക്ത കോടതിയല്ല, മറിച്ച് അന്വേഷണ ഏജൻസി മാത്രമാണെന്നായിരുന്നു സർക്കാർ വാദം. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പുറത്താക്കാൻ അന്വേഷണ ഏജൻസിക്ക് അധികാരം നൽകുന്നത് ഭരണഘടനാവിരുദ്ധമാണ്. അതുകൊണ്ടാണ് ഈ ഭേദഗതി അനിവാര്യമായതെന്നുമുള്ള സർക്കാർ വാദമാണ് കോടതി അംഗീകരിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് ലഭിച്ച അനുകൂല ഉത്തരവ് പ്രതിപക്ഷത്തെ അടിക്കാൻ സർക്കാരിന് പുതിയൊരു വടിയാണ് സമ്മാനിച്ചിരിക്കുന്നത്.