AI Generated Image
'തെങ്ങിന് ചിരിക്കാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ ഈ അയൽക്കാരുടെ വഴക്ക് കണ്ട് അത് ചിരിച്ചേനെ, കാറ്റിൽ സ്വയം വീഴാനുള്ള കഴിവുണ്ടെങ്കിൽ ആ തെങ്ങ് അങ്ങനെയും പ്രശ്നം തീർത്തേനെ'
പറമ്പിന്‍റെ അതിരിൽ നിൽക്കുന്ന തെങ്ങിന്‍റെ പേരിലുള്ള കേസ് തീർപ്പാക്കി ഹൈക്കോടതി പറഞ്ഞ ഈ വാചകങ്ങളിലുണ്ട് എല്ലാം. കേസിന്‍റെയും വഴക്കിന്‍റെയും കാരണം അത്രമാത്രം ലളിതമാണ് എന്നത് തന്നെ കാര്യം.
കേസ് വന്ന വഴി
തിരുവനന്തപുരം കരകുളം സ്വദേശികളാണ് ഗോപിനാഥും, രഞ്ജിത്തും. രഞ്ജിത്തിന്‍റെ പറമ്പിലുള്ള ഒരു തെങ്ങ് ഗോപിനാഥിന്‍റെ വീടിനും വാഹനങ്ങൾക്കും അപകടമുണ്ടാക്കുന്നുവെന്ന പരാതിയോടെയാണ് തർക്കം തുടങ്ങിയത്. പഞ്ചായത്ത്, റവന്യൂ അധികൃതർ, ഓംബുഡ്സ്മാൻ എന്നിവരുടെ മുന്നിലൂടെ സഞ്ചരിച്ച പ്രശ്നം ഒടുവിലാണ് ഹൈക്കോടതിൽ എത്തിയത്.
ഹൈക്കോടതിയിലെ യുദ്ധം
ഹർജി എത്തിയതോടെ പരിശോധനയ്ക്കായി കോടതി അഡ്വക്കറ്റ് കമ്മീഷണറെ നിയോഗിച്ചു. അഡ്വക്കറ്റ് കമ്മീഷണർ സ്ഥലപരിശോധന നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. തെങ്ങ് ഉറച്ച നിലയിലാണ് നിൽക്കുന്നതെന്നും, അത് ഉടൻ വീഴാനുള്ള അപകടസാധ്യതയില്ലെന്നുമായിരുന്നു റിപ്പോർട്ട്. മാത്രമല്ല, തെങ്ങ് ഇരുമ്പുകയർ ഉപയോഗിച്ച് ബന്ധിച്ചിട്ടുണ്ടെന്നും, തേങ്ങകൾ വീഴാതിരിക്കാൻ സംരക്ഷണവലയും സ്ഥാപിച്ചിട്ടുണ്ടെന്നും കമ്മീഷണർ കണ്ടെത്തി. വലയുടെ വ്യാപ്തി കൂട്ടുകയും തെങ്ങിന്‍റെ ശുചീകരണം കൃത്യമായി നടത്തുകയും ചെയ്താൽ പ്രശ്നം പരിഹരിക്കാമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ടായിരുന്നു. റിപ്പോർട്ട് അംഗീകരിച്ച കോടതി, തെങ്ങ് യാതൊരു ഗുരുതര അപകടവും സൃഷ്ടിക്കുന്നില്ലെന്ന് വിലയിരുത്തി.
വിധിയിലെ നിരീക്ഷണങ്ങൾ
കാറ്റിൽ വളയുന്ന തെങ്ങിനേക്കാൾ കാഠിന്യമുള്ളത് മനുഷ്യരുടെ അഹങ്കാരമാണെന്ന നിരീക്ഷണത്തോടെയാണ് ഹർജി ഹൈക്കോടതി തീർപ്പാക്കിയത്. ഒരു കപ്പ് ചായയോ കാപ്പിയോ പങ്കിട്ട് തീർക്കാവുന്ന പ്രശ്നം കോടതിവഴക്കമായി മാറിയത് ദൗർഭാഗ്യകരമാണ്. 'നിന്നെപ്പോലെ നിന്‍റെ അയൽക്കാരനെയും സ്നേഹിക്കുക'. എന്ന ബൈബിൾ വചനവും കോടതി ചൂണ്ടിക്കാട്ടി. അടിയന്തര ഘട്ടങ്ങളിൽ ആദ്യം സഹായത്തിനെത്തുക അയൽക്കാരായിരിക്കുമെന്ന ഓർമപ്പെടുത്തലും കോടതി നൽകി.