fcra-bill-orthodox-bava

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണം നിയമ ഭേദഗതിയില്‍ ആശങ്കാജനകമെന്ന് ഓര്‍ത്തഡോക്സ് സഭ. പുതിയ നിയമം സഭയെ ബുദ്ധിമുട്ടിക്കുന്നതാണ്. രാജീവ് ചന്ദ്രശേഖറിനോട് വിഷയം പറഞ്ഞുവെങ്കിലും പരിഹാരം ഉണ്ടായില്ല. വിഷയത്തില്‍ ബിജെപിക്ക് ഇരട്ടത്താപ്പാണോയെന്ന് സംശയമുണ്ടെന്നും പരിശുദ്ധ ബാവാ പ്രതികരിച്ചു. നിയമങ്ങള്‍ കൃത്യമായി പാലിച്ചാണ് നിലവില്‍ സഭ കാര്യങ്ങളെല്ലാം ചെയ്യുന്നതെന്നും പുതിയ നിയമം അടിയന്തരമായി പിന്‍വലിക്കണമെന്നും കേന്ദ്രം ബില്ലുമായി മുന്നോട്ടെങ്കില്‍ തുറന്ന പ്രതിഷേധമുണ്ടാകുമെന്നും ബാവാ പറഞ്ഞു. 

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമപ്രകാരം അനുമതി പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടാലോ, അല്ലെങ്കില്‍ കാലാവധിക്കുള്ളില്‍ പുതുക്കല്‍ ലഭ്യമാകാതെയായാലോ രജിസ്ട്രേഷന്‍ സർട്ടിഫിക്കറ്റ് റദ്ദാക്കിയതായി കണക്കാക്കുമെന്നതാണ് പുതിയ വ്യവസ്ഥ.  ഇത്തരം സാഹചര്യങ്ങളില്‍ വിദേശ സംഭാവനകളും ആസ്തികളും കേന്ദ്ര സർക്കാർ നിർണ്ണയിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലേക്ക് പോകും എന്നതാണ് പുതിയ കരട് ബില്ലിലെ വ്യവസ്ഥ.  ക്രമക്കേടുകള്‍ തടയാന്‍ 2010 ലെ വിദേശ സംഭാവ സ്വീകരിക്കല്‍ നിയന്ത്രണ നിയമം പര്യാപ്തമാണെന്നിരിക്കെ പുതിയ നീക്കം സംശയം ജനിപ്പിക്കുന്നതാണെനും രാജ്യത്തെന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന ധര്‍മസ്ഥാപനങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്നതാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 

വിഷയത്തില്‍ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പടെ മുന്നോട്ട് വച്ച ആശങ്കകള്‍ ദൂരീകരിക്കണമെന്നും ഭേദഗതിയുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് പിന്തിരിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ബിജെപിക്ക് ന്യൂനപക്ഷങ്ങളോടുള്ള എതിര്‍പ്പാണ് പ്രകടമായതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. എഫ്സിആര്‍എ ഭേദഗതിയിലൂടെ ബിജെപിയുടെ യഥാര്‍ഥ മുഖം വ്യക്തമായെന്നും കേക്കിന് മുന്നില്‍ സ്നേഹം പങ്കിട്ട ബിഷപ്പുമാര്‍ ബിജെപിയെ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് കെ.സി വേണുഗോപാലും ആവശ്യപ്പെട്ടു. കൈസ്തവ സഭകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കമാണിത്.  ആശങ്കകള്‍ക്ക്  പ്രധാനമന്ത്രിയും ബിെജപിയും മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

The Orthodox Church expressed deep concern over the proposed FCRA amendment, with Catholicos Baselios Marthoma Mathews III warning of protests if the bill is not withdrawn. CM Pinarayi Vijayan wrote to PM Modi against the move, while Binoy Viswam and KC Venugopal accused the BJP of targeting minorities. The new rules could transfer assets of organizations with cancelled registrations to government control, threatening minority-run charitable institutions in Kerala.