സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. ഇന്നലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ സാമാന്യം ശക്തമായ മഴ ലഭിച്ചിരുന്നു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ശക്തമായ മിന്നലിനും സാധ്യതയുണ്ട്. ഏപ്രിൽ 2 വരെ മഴ തുടരും.
തിരുവനന്തപുരത്ത് ശക്തമായ മഴ. വൈകിട്ടോടെ ആരംഭിച്ച മഴ ഒരു മണിക്കൂറോളം നീണ്ടു. മലയോര മേഖലകളിൽ ശക്തമായ മഴ പെയ്തു. മൂന്നുമണിക്കൂർ നേരത്തേക്ക് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കൊല്ലം,പത്തനംതിട്ട, ഇടുക്കി , മലപ്പുറം , വയനാട് ജില്ലകളിലും മഴയ്ക്കും 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രണ്ടു ദിവസമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ വേനല്‍ മഴ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കൊയിലാണ്ടിയില്‍ മരക്കൊമ്പ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റിരുന്നു. കോഴിക്കോട് നഗരം, നാദാപുരം, കുറ്റ്യാടി, തുടങ്ങിയ ഇടങ്ങളിലും കണ്ണൂര്‍, തലശേരി, തളിപ്പറമ്പ്, ഇരിട്ടി, ആലക്കോട് തുടങ്ങിയ മലയോര മേഖലയിലും ശക്തമായ മഴ ലഭിച്ചു. കൂത്തുപറമ്പ് പരശൂരില്‍ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. ചിറ്റാരിപ്പറമ്പില്‍ കടയുടെ മേല്‍ക്കൂര പറന്നുപോയി. ചിറ്റാരിപ്പറമ്പിലെ ജിംനേഷ്യത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണ് വന്‍ നാശനഷ്ടം സംഭവിച്ചു. മൂന്ന് വീടുകള്‍ക്ക് മുകളില്‍ തെങ്ങു വീണിരുന്നു.