എഫ്സിആര്‍എ നിയമഭേദഗതി ബില്‍ ക്രൈസ്തവര്‍ക്ക് ആശങ്കയുണ്ടാക്കുന്നതെന്ന് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ബില്‍ ഭരണഘടനാവിരുദ്ധമാണ്. ചെറിയകാര്യങ്ങളുടെ പേരില്‍പ്പോലും ലൈസന്‍സ് റദ്ദാക്കപ്പെടുന്നുണ്ട്. വിശേഷദിനങ്ങളിലെ പരീക്ഷ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.
അതേസമയം, എഫ്സിആര്‍എ ഭേദഗതി ബില്ലിനെതിരെ വിമര്‍ശനവുമായി ഓർത്തഡോക്സ് സഭ. ബിജെപിക്ക് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് ആണെന്ന് സംശയമുണ്ടെന്ന് ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍. ആര്‍.എസ്.എസിന് മാത്രം വിദേശസംഭാവന സ്വീകരിക്കാനുള്ള നീക്കമെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ബിജെപിയുടെ യഥാര്‍ഥ മുഖം പുറത്തായെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
പുതിയ നിയമത്തില്‍ ആശങ്കയുണ്ടെന്നും സഭയെ ബുദ്ധിമുട്ടിക്കുന്നതാണ് പുതിയ നിയമമെന്നും പരിശുദ്ധ ബാവാ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനോട് വിഷയം പറഞ്ഞിട്ടും പരിഹാരം ഉണ്ടായില്ല. ബില്ലുമായി മുന്നോട്ടെങ്കില്‍ തുറന്ന പ്രതിഷേധമുണ്ടാകും.
എന്നാല്‍ വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച ബിഷപ് തോമസ് തറയില്‍ ആവശ്യപ്പെട്ടു. സഭ ഉന്നയിക്കുന്നത് പൗരാവകാശലംഘനമാണ്. കേന്ദ്രത്തെ എതിര്‍പക്ഷത്ത് നിര്‍ത്താന്‍ ഉദ്ദേശ്യമില്ല. തിരഞ്ഞെടുപ്പിലെ നിലപാടായി വ്യാഖ്യാനിക്കരുതെന്നും മാര്‍ തോമസ് തറയില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. മോദി എന്തുചെയ്യുന്നതും അദാനിക്കും അംബാനിക്കും വേണ്ടിയും, അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുവേണ്ടിയുമാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ക്രൈസ്തവ സഭകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി. FCRA ഭേദഗതി ബില്ലോടെ ബിജെപിയുടെ യഥാർഥ മുഖം വ്യക്തമായെന്ന് ബിനോയ് വിശ്വം പറഞ്ഞു. കേക്കിന് മുന്നില്‍ സ്നേഹം പങ്കിട്ട ബിഷപ്പുമാര്‍ BJPയെ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.