medical-negligence-amputation-kottayam

ചികില്‍സ വൈകിയത് കാരണം കാല് മുറിച്ചു മാറ്റി ജീവിതം ദുരിതത്തിലായെന്ന് യുവാവ്. എ.സിയുടെ ജോലിക്കായി കെട്ടിടങ്ങളുടെ മുകളില്‍ അനായാസം കയറി ഇറങ്ങിയിരുന്ന പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി അഭിമന്യുവെന്ന മുപ്പതുകാരനാണ് ദുരവസ്ഥ. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പിഴവാണ് കാല് നഷ്ടപ്പെടാന്‍ കാരണം എന്നാണ്  അഭിമന്യുവിന്‍റെ ആരോപണം.

 2025 ഡിസംബര്‍ 25നാണ് വീണ് കാലൊടിഞ്ഞ് കോന്നി താലൂക്ക് ആശുപത്രിയില്‍ ചികില്‍സതേടുന്നത്, രണ്ട് ഒടിവുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും നിര്‍ദേശിച്ച് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയച്ചു. അവിടെ പ്ലാസ്റ്റര്‍ ഇട്ട് രണ്ട് ദിവസത്തിലധികം സ്ട്രക്ചറില്‍ കിടത്തിയെന്നാണ് അഭിമന്യു പറയുന്നത്. പഴുത്ത കാലിലാണ് 31 ന് ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടത്. പിന്നീട് സ്കാന്‍ ചെയ്തപ്പോള്‍ ഞരമ്പ് തകരാര്‍ കണ്ട് രണ്ടാമത്തെ കാലില്‍നിന്ന് ഞരമ്പെടുത്ത് പിടിപ്പിച്ചു. രാത്രിയോടെ കാലിന് സ്പര്‍ശന ശേഷി ഇല്ലെന്ന് മനസിലായി. കാല് മുറിച്ചു മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

ഭാര്യയും 28 ദിവസം മാത്രം പ്രായമായ ഒരു കുഞ്ഞുമുണ്ട് അഭിമന്യുവിന്. മകനെ പരിചരിക്കേണ്ടതിനാല്‍ അഭിമന്യുവിന്‍റെ അമ്മയ്ക്കും തൊഴിലുറപ്പ് ജോലിക്ക് പോകാന്‍ കഴിയുന്നില്ല. കാലില്ലാതായതോടെ വീടിന് പുറത്തുള്ള ശുചിമുറിയിലേക്ക് പോകാന്‍ കഴിയില്ല. വീടിനോട് ചേര്‍ന്ന് ശുചിമുറിക്കായി കുഴിയെടുത്തെങ്കിലും കനാല്‍വെള്ളം പരന്നൊഴുകി വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയായി. പ്രസവത്തിന് പോയ ഭാര്യയും കുഞ്ഞും വൈകാതെ തിരിച്ചെത്തും. വാഹനംപോലും കടന്നു വരാത്ത കനാല്‍ക്കരയിലെ പൊളിഞ്ഞ വീട്ടിലാണ് അഭിമന്യുവിന്‍റെ ജീവിതം. ഇനി എങ്ങിനെയാണ് മുന്നോട്ടുള്ള ജീവിതമെന്ന് ആശങ്കയിലാണ് കുടുംബം.

ENGLISH SUMMARY:

Abhimanyu, a 30-year-old AC technician from Kalanjoor, Pathanamthitta, alleges that medical negligence at Kottayam Medical College led to the amputation of his leg. After suffering a fracture in December 2025, delayed surgery and complications in nerve grafting resulted in the loss of his limb. Now struggling in a dilapidated house near a canal with a 28-day-old infant and no income, Abhimanyu's family seeks justice and support.