പീഡന പരാതി ഉയർന്നതിന് പിന്നാലെ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കെ.പി.സി.സി നിർദേശപ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ് അടിയന്തര നടപടി സ്വീകരിച്ചത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് തന്നെ പാർട്ടി തലത്തിൽ നടപടിയെടുത്തു.

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തി പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് പ്രശോഭ് എന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിച്ചു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയത് പ്രശോഭിന് വേണ്ടിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും നേരത്തെ ഉണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് കാലത്ത് ഈ വിഷയം രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം നീക്കം തുടങ്ങിയിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പാർട്ടി നടപടിയെടുക്കാത്ത പക്ഷം വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പും ഉയർന്നു. തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടാകാതിരിക്കാനാണ് കോൺഗ്രസ് നേതൃത്വം അതിവേഗത്തിൽ പുറത്താക്കൽ നടപടിയിലേക്ക് കടന്നത്.

പ്രശോഭിന് നേരിയ തോതിലെങ്കിലും ധാർമികത ബാക്കിയുണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവയ്ക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ ആവശ്യപ്പെട്ടു. കോൺഗ്രസ് പാർട്ടി എന്നും ഉയർത്തിപ്പിടിക്കുന്ന ധാർമിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും, ഇതേ ധാർമികത കാട്ടാൻ മറ്റ് രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Palakkad municipality Congress councilor, Prashobh, has been expelled from the party's primary membership following a sexual assault complaint. This swift action by the District Congress Committee, acting on K.P.C.C's directive, occurred even before an FIR was registered.