നിയമസഭ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചേക്കുമെന്ന് അഭ്യൂഹം. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ച ശേഷം ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതാണ് കാരണം. നയാര കമ്പനി വില കൂട്ടിയതും പ്രീമിയം പെട്രോളിന് മറ്റു കമ്പനികള്‍ വില വര്‍ധിപ്പിച്ചതും ഇതിന്‍റെ സൂചനയായി വിലയിരുത്തുന്നു.

ഫെബ്രുവരി 28 നുശേഷം ക്രൂഡ് ഓയില്‍ വില നാല്‍പത് ശതമാനത്തിലേറെയാണ് വര്‍ധിച്ചത്. ബാരലിന് 66 ഡോളര്‍ ഉണ്ടായിരുന്നത് ഒരുഘട്ടത്തില്‍ 120 ഡോളര്‍ പിന്നിട്ടു. രൂപയുടെ മൂല്യം കുത്തനെ ഇടിയുക കൂടി ചെയ്തതോടെ എണ്ണക്കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലാണ്. നിലവില്‍ പെട്രോളും ഡീസലും അഞ്ചുരൂപയിലേറെ നഷ്ടത്തിലാണ് വില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷമായി ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും നിരക്ക് കുറയ്ക്കാന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ തയാറായിരുന്നില്ല. ഈ ലാഭം ഉപയോഗിച്ചാണ് ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്. സംഘര്‍ഷം നീണ്ടുനിന്നാല്‍ വിലകൂട്ടുന്നത് പരിഗണിക്കേണ്ടിവരും എന്നാണ് കമ്പനികളുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 

പമ്പുകള്‍ക്കുള്ള ക്രെഡിറ്റ് സംവിധാനം നിര്‍ത്തലാക്കിയതും നയാര ഇന്നലെ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടിയതും പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. എന്നാല്‍, കേരളമടക്കം നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഉടന്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ ഇടയില്ല. സംഘര്‍ഷം നീളുകയാണെങ്കില്‍ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാം എന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്. നിരക്കു വര്‍ധന സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ട്.

ENGLISH SUMMARY:

Fuel price hike in India is anticipated after assembly elections, driven by rising crude oil prices due to the West Asia conflict. This situation is exacerbated by the weakening Rupee, placing oil companies in a critical financial state.