File photo

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ വീണ്ടും സമരത്തിലേയ്ക്ക്. നാളെ മുതൽ 26 പ്രമുഖ  ആശുപത്രികളിൽ സമരം പുനരാരംഭിക്കുമെന്ന് യുഎന്‍എ അറിയിച്ചു. ഹൈക്കോടതി നിർദേശ പ്രകാരം നടത്തിയ മധ്യസ്ഥ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് നഴ്സുമാർ സമരം തുടങ്ങുന്നത്. നഴ്സുമാരുടെ സമരത്തെ കർശനമായി നേരിടുമെന്ന് അറിയിച്ച മാനേജ്മെൻറ് അസോസിയേഷൻ ആവശ്യം വന്നാൽ  ആശുപത്രികൾ അടച്ചിടുമെന്നും പ്രഖ്യാപിച്ചു. 40000 രൂപ മിനിമം വേതനം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നഴ്സുമാരുടെ സമരം.

 

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള വർധനയുടെ കാര്യത്തിൽ 21 മാനേജ്മെന്റുകളുമായാണ് ധാരണയിൽ എത്താനുള്ളതെന്നു യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പറയുന്നു. ഇത്രയും മാനേജ്മെന്റുകളുമായി ചർച്ച നടത്താനാണ് ഹൈക്കോടതിയുടെ നിർദേശം. ഇതിനകം 469 ആശുപത്രികളുമായി ധാരണയിലായെന്നും യുഎൻഎ അറിയിച്ചു.

 

സമരത്തിനു പിന്നാലെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചുള്ള കരട് വിജ്ഞാപനം സര്‍ക്കാര്‍  ഇറക്കിയിരുന്നു. നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപ മുതൽ 28,000 രൂപ വരെയും മറ്റു ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 23,650 രൂപയുമായാണു പരിഷ്കരിച്ചത്. ‌40,000 രൂപ വരെ വർധന ആവശ്യപ്പെട്ടാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ സമരം നടത്തിയത്. അറ്റൻഡർ, ഹെൽപർ, സെക്യൂരിറ്റി, സ്വീപ്പർ, സ്റ്റോർ കീപ്പർ തുടങ്ങിയവരാണ് മറ്റു വിഭാഗം ജീവനക്കാരിൽ ഉൾപ്പെടുന്നത്. 

ENGLISH SUMMARY:

Private hospital nurses in Kerala are set to resume their strike tomorrow due to the failure of mediated talks. The United Nurses Association (UNA) announced the resumption of protests at 26 prominent hospitals across the state.