അടൂർ സഹകരണ ബാങ്കിൽ നിന്ന് നേരിട്ടത് കൊടുംചതി എന്ന് 85 ലക്ഷം നിക്ഷേപിച്ച അടൂർ സ്വദേശിനി ഗ്രേസി. ഭർത്താവ് പാർട്ടി പ്രവർത്തകനായത് കൊണ്ടും നേതാക്കളുടെ നിർബന്ധപ്രകാരവുമാണ് 85 ലക്ഷം നിക്ഷേപിച്ചത്. ഇനി 48 ലക്ഷം രൂപ തിരികെ കിട്ടാനുണ്ടെന്നും ഗ്രേസി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
വിദേശത്തെ ജോലി അവസാനിപ്പിച്ചു പോന്നപ്പോൾ കിട്ടിയ പണമടക്കമാണ് 85 ലക്ഷം രൂപ 2019-ൽ അടൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. പിന്നീട് ഇടയ്ക്ക് ചികിത്സാ ആവശ്യം വന്നപ്പോൾ പണം പിൻവലിച്ചിരുന്നു. അതിനുശേഷമാണ് പ്രതിസന്ധി ഉണ്ടായത്. പലവട്ടം ബാങ്കിൽ കയറിയിറങ്ങിയിട്ടും പണം കൊടുത്തില്ല. ബാങ്ക് പ്രസിഡന്റായി പൊൻതാമര വന്നപ്പോഴും പോയി കണ്ടിരുന്നു. പിന്നീട് ഉണ്ടാക്കിയ ധാരണ പ്രകാരം മൂന്ന് ലക്ഷത്തിൽ കുറയാത്ത തുക വീതം ഇടയ്ക്ക് കൈമാറി. താൻ അറിയാതെ സ്ഥിരനിക്ഷേപത്തിലുള്ള തുക പോലും ബാങ്ക് പിൻവലിച്ചു എന്ന് ഗ്രേസി ആരോപിക്കുന്നു. ചോദിച്ചപ്പോഴാണ് ഭർത്താവ് പിൻവലിച്ചു എന്ന് പറഞ്ഞത്. ഭർത്താവ് നോമിനിയാണെന്നും അങ്ങനെ പിൻവലിക്കാൻ നിയമപ്രകാരം കഴിയില്ല എന്നും ഗ്രേസി പറയുന്നു. മാത്രവുമല്ല ഭർത്താവ് ഇക്കാര്യങ്ങൾ അറിഞ്ഞിട്ടുമില്ല.
ഭർത്താവ് അടിയുറച്ച സിപിഎം പ്രവർത്തകനാണ്. ദേശസാൽകൃത ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണമാണ് നേതാക്കളുടെ നിർബന്ധപ്രകാരം ഇവിടെ നിക്ഷേപിച്ചത്. പണം ചോദിക്കാൻ തുടങ്ങിയതോടെ പലരും വീട്ടിൽ സ്വാധീനിക്കാൻ വരികയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏരിയ സെക്രട്ടറിക്ക് അടക്കം പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഭയമുണ്ടെങ്കിലും നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് ഗ്രേസിയുടെ നിലപാട്. ബാങ്കിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് മുൻ എംഎൽഎയുടെ ഭാര്യ കൂടിയായ ബാങ്ക് പ്രസിഡന്റ് പൊൻതാമര കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. അടൂർ ഏരിയ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിലാണ് ക്രമക്കേടുകൾ എന്നാണ് ആരോപണം.