adoor-cooperative-bank

ക്രമക്കേടുകൾ ആരോപിച്ച് സിപിഎം നേതാവു കൂടിയായ പ്രസിഡന്‍റ് രാജിവെച്ച അടൂർ സഹകരണ ബാങ്കിനെതിരെ ഗുരുതര ആരോപണങ്ങൾ. നിക്ഷേപക അറിയാതെ സ്ഥിരനിക്ഷേപത്തിൽ നിന്നും 30 ലക്ഷം പിൻവലിച്ചതായി പരാതി. ഒരാൾ നൽകിയ വസ്തു രേഖകൾ ഉപയോഗിച്ച് മറ്റൊരാൾക്കും പണം നൽകി. 24 ഗുരുതര പിഴവുകളാണ് ഓഡിറ്റിങ്ങിൽ കണ്ടെത്തിയത്. ഇതോടെ ബാങ്കിനു മുന്നിൽ ഇന്ന് കൂടുതൽ പ്രതിഷേധങ്ങളും ഉണ്ടാകും.

അടൂർ സ്വദേശിനി ഗ്രേസിയുടെ സ്ഥിരനിക്ഷേപത്തിൽ നിന്നാണ് 30 ലക്ഷം രൂപ പിൻവലിച്ചത്. ഇക്കാര്യം നോമിനിയായ ഭർത്താവ് അറിഞ്ഞിരുന്നു എന്നാണ് ബാങ്കിന്‍റെ വാദം. എന്നാല്‍ നിക്ഷേപക ജീവിച്ചിരിക്കെ നോമിനിക്ക് അക്കൗണ്ടിൽ അവകാശമില്ല. പിൻവലിക്കൽ ഭർത്താവും അറിഞ്ഞിട്ടില്ല. സംഭവത്തില്‍ കഴിഞ്ഞവർഷം ഗ്രേസി പരാതി നൽകിയിരുന്നു. മറ്റൊരാൾ ബാങ്കിൽ വായ്പക്കായി ഈട് നൽകിയ വസ്തുവിന്റെ രേഖകൾ ഉപയോഗപ്പെടുത്തി മറ്റൊരാൾക്കും വായ്പ കൊടുത്തതായും കണ്ടെത്തിയിട്ടുണ്ട്. പരിധി കടന്നും ബാങ്ക് വായ്പ നൽകിയിട്ടുണ്ട്.

മുൻ എംഎൽഎ ആർ ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയും സിപിഎം നേതാവുമായ പൊൻ താമരപിള്ളയാണ് ഇന്നലെ ക്രമക്കേടുകൾ ആരോപിച്ചു രാജിവെച്ചത്. ഒരു വർഷം മുൻപാണ് പൊൻതാമരപിള്ള പ്രസിഡന്‍റ് ആയത്. ബാങ്കിന്‍റെ മുൻപ്രസിഡന്റും ഏരിയ കമ്മിറ്റി അംഗവുമായ രവീന്ദ്രനാണ് ക്രമക്കേടുകളുടെ പിന്നിൽ എന്നാണ് ആരോപണം. നിലവിൽ അടൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലയുള്ള ആളുമാണ് രവീന്ദ്രൻ   മുൻപ് ഡയറക്ടർ ബോർഡിൽ അംഗമായിരിക്കെ പൊൻ താമരപ്പിള്ള ഒരു വിയോജിപ്പും രേഖപ്പെടുത്തിയിട്ടില്ല എന്നാണ് രവീന്ദ്രന്റെ മറുപടി. അതേസമയം, സിപിഎം നേതൃത്വം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

ENGLISH SUMMARY:

A major financial scam has surfaced at the Adoor Service Co-operative Bank, leading to the resignation of President Ponthamara Pillai. Audit reports revealed 24 serious irregularities, including the unauthorized withdrawal of ₹30 lakh from a fixed deposit and double-mortgaging of property documents. Investors are protesting as allegations point towards former president and CPM area committee member Raveendran.