ഉത്തർപ്രദേശിൽ നിന്നുള്ള അഘോരികളെ തിരുവനന്തപുരത്ത് എത്തിച്ചത് താനല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും നേമത്തെ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. നടന്നു പോകുമ്പോള്‍ തന്നോട് ബിജെപിക്കാരനാണോ എന്ന് ചോദിച്ചെന്നും ഡീസലടിക്കാന്‍ 500 രൂപ നല്‍കിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
''ഞാന്‍ നടന്നു പോകുമ്പോ വണ്ടിയിലായിരുന്നു അവര്‍. ബിജെപികാരനാണോ എന്ന് ചോദിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നും കന്യാകുമാരി പോവുകയായിരുന്നു. കുടുംബ യോഗത്തിന് പോകുന്ന എന്നോട് നിങ്ങള്‍ എങ്ങോട്ട് പോവുകയാണെന്ന് ചോദിച്ചു. എന്‍റെ പിന്നിലെ വന്നു. അവരെ ഞാനറിയില്ല. ഡീസലിന് കാശ് ചോദിച്ചു, ഞാന്‍ 500 രൂപ കൊടുത്തു. അവര് പോയി'', എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം.
രണ്ട് സന്യാസിമാരും ഒരു അഘോരിയുമാണ് സംഘമാണ് ഇന്നലെ തിരുവനന്തപുരത്തെത്തിയത്. നെടുങ്കാട് ഭവന സന്ദര്‍ശനത്തിനെത്തിയ രാജീവ് ചന്ദ്രശേഖറിന്‍റെ അടുത്തേയ്ക്ക് കാറില്‍ എത്തിയ സംഘം അദ്ദേഹത്തെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചിരുന്നു. കാശിയില്‍ തപസിലായിരുന്നുവെന്നും ബിജെപി സ്ഥാനാര്‍ഥികളെ ആശീര്‍വദിക്കാന്‍ യോഗി ആദിത്യനാഥ് പറഞ്ഞു വിട്ടു എന്നുമായിരുന്നു സന്യാസിമാരുടെ മറുപടി.