തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്പെഷല്‍റ്റി വെന്‍റിലേറ്റര്‍ യൂണിറ്റിലെ തീപിടിത്തശേഷം മണിക്കൂറുകള്‍ക്കുളളില്‍ ഇവിടെ ചികില്‍സയിലുണ്ടായിരുന്ന അഞ്ചു രോഗികളുടെ മരണം സ്ഥിരീകരിച്ചു. തീപടര്‍ന്ന വെന്‍റിലേറ്ററില്‍ ചികില്‍സയിലുണ്ടായിരുന്ന യുവാവും മരിച്ചു. അഗ്നിബാധയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റിയതാണ് മരണകാരണമെന്ന് മരിച്ച നെയ്യാറ്റിന്‍കര സ്വദേശി സനീഷിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ വെന്‍റിലേറ്ററില്‍ അഗ്നിബാധയുണ്ടായത് ചൊവ്വാഴ്ചയാണ്. ഇവിടെ ചികില്‍സയിലുണ്ടായിരുന്ന രോഗികളെ ഉടന്‍ തന്നെ ഒഴിപ്പിച്ചെന്നും എല്ലാവരും സുരക്ഷിതരാണെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ തൊട്ടടുത്ത മണിക്കൂറുകളില്‍ അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചു.
ബൈക്കില്‍ നിന്ന് വീണ് പരുക്കേറ്റ് ചികില്‍സയിലായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി 38കാരന്‍ സനീഷ്, ഒാട്ടോ ഇടിച്ച് പരുക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന ആയൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി , കാര്‍ ഒാട്ടോയില്‍ ഇടിച്ച് പരുക്കേറ്റ ഒാട്ടോ ഡ്രൈവര്‍ അബ്ദുള്‍ റഹീം, വാഹനാപകടത്തില്‍ പരുക്കേറ്റ ചിറയിന്‍കീഴ് സ്വദേശി ഒാമന അമ്മ , ബാലരാമപുരം സ്വദേശി ശ്രീധരന്‍ എന്നിവരാണ് മരിച്ചത്.
അപകടശേഷം നില മെച്ചപ്പെട്ട സനീഷ് പൊടിയരിക്കഞ്ഞി കുടിച്ച് തുടങ്ങിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തീപിടിച്ച വെന്‍റിലേറ്ററില്‍ ചികില്‍സയിലിരുന്ന സനീഷിന് തീപിടിത്തശേഷം നില വഷളായെന്നും രക്ഷപെടില്ലെന്നും അറിയിക്കുകയായിരുന്നു. ബുധനാഴ്ച് മരണം സ്ഥിരീകരിച്ചു.