ശബരിമല കൊടിമര പുനപ്രതിഷ്ഠയ്ക്ക് സ്വര്‍ണം സംഭാവന നല്‍കിയ മുഴുവന്‍ ആളുകളെയും കണ്ടെത്താനാകാതെ വിജിലന്‍സ്. ദേവസ്വം രേഖകളിലുള്ള നാല് പേരെയാണ് ഇതുവരെയും കണ്ടെത്താനാകാത്തത്. ഇവരുടെ പൂര്‍ണമായ മേല്‍വിലാസമോ ഫോണ്‍ നമ്പരോ ദേവസ്വം രേഖകളിലില്ലാത്തതാണ് അന്വേഷണത്തിന് തടസം.
ഇരുപത്തിയാറിന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതിനാല്‍ എത്രയും വേഗം ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അതിനിടെ ഇതുവരെ മൊഴിയെടുത്തവര്‍ നല്‍കിയ വിവരം അനുസരിച്ച് കൊടിമര നിര്‍മാണത്തിന്‍റെ മറവില്‍ സ്വര്‍ണക്കൊള്ള നടന്നതായി സൂചനയില്ല. രേഖകളിലുള്ളതിന് സമാന അളവിലുള്ള സ്വര്‍ണം സംഭാവന നല്‍കിയതയാണ് മൊഴി.
അവശേഷിക്കുന്നവരേക്കൂടി കണ്ടെത്തിയാല്‍ മാത്രമേ ഇക്കാര്യം ഉറപ്പിക്കാനാവു. സ്വര്‍ണത്തിന്‍റെ അളവില്‍ വലിയ വ്യത്യാസം കണ്ടില്ലങ്കില്‍ കൊടിമര പുനപ്രതിഷ്ഠയില്‍ കേസെടുത്തേക്കില്ല. അങ്ങിനെയെങ്കില്‍ യു.ഡി.എഫ് ഭരണസമിതിക്കെതിരെ കേസെടുക്കാമെന്ന സര്‍ക്കാര്‍ നീക്കം നടന്നേക്കില്ല.