സുരേഷ് സുന്ദരേശൻ
ഇസ്രയേലില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം. കല്ലമ്പലം മുത്താന ശിവശൈലത്തിൽ സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇസ്രയേലിലെ മലയാളി കൂട്ടായ്മയാണ് ബന്ധുക്കളെ വിവരമറിയിച്ചത്. അതേസമയം സുരേഷിന്‍റെ മരണ കാരണം വ്യക്തമല്ല.
ഒരു വർഷം മുൻപാണ് ലേബർ വീസയിൽ സുരേഷ് ഇസ്രയേലില്‍ എത്തുന്നത്. ആറു മാസങ്ങൾക്കു മുമ്പ് നാട്ടിൽ വന്നിരുന്നു. കഴിഞ്ഞ 17 നാണ് അവസാനമായി സുരേഷ് ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നത്. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് കുടുംബം പറയുന്നു. എന്താണ് സംഭവിച്ചതെന്നും അറിയില്ലായിരുന്നു.
അവസാനമായി വിളിക്കുമ്പോള്‍ താൻ ജോലി ചെയ്യുന്ന പ്രദേശത്ത് യുദ്ധം നടക്കുകയാണ് വലിയ പ്രശ്നങ്ങളുണ്ട് എന്നെല്ലാം സുരേഷ് ബന്ധുക്കളോട് പറഞ്ഞിരുന്നു. സംഭവത്തില്‍ ബന്ധുക്കള്‍ കല്ലമ്പലം പൊലീസില്‍ പരാതി നല്കി. സുരേഷ് മരണപ്പെട്ടോ എന്ന കാര്യം സ്ഥിരീകരിക്കണണെന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
സുരേഷിന്‍റെ ഭാര്യ കുവൈത്തിലാണ്. ഏഴാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളുമുണ്ട്.