വാണിജ്യ എൽ.പി.ജി (LPG) സിലിണ്ടറുകളുടെ കടുത്ത ക്ഷാമം മലയാള സിനിമാ ഷൂട്ടിങ്ങിനെ പ്രതിസന്ധിയിലാക്കുന്നു. നിലവിൽ സംസ്ഥാനത്ത് ചിത്രീകരണം തുടരുന്ന 19 സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനുകളിൽ ഭക്ഷണ വിതരണം തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്. മിക്കയിടങ്ങളിലും രണ്ട് ദിവസത്തേക്കുള്ള ഗ്യാസ് മാത്രമാണ് സ്റ്റോക്കുള്ളതെന്ന് ഫെഫ്കയും (FEFKA) പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വ്യക്തമാക്കി.

ഗ്യാസിന് പകരമായി വിറകടുപ്പുകൾ ഉപയോഗിക്കുന്നത് പല ലൊക്കേഷനുകളിലും പ്രായോഗികമല്ലെന്ന് ഫെഫ്കയുടെ വര്‍ക്കിങ് ജനറല്‍ സെക്രട്ടറി സോഹന്‍ സിനു ലാല്‍ വ്യക്തമാക്കി. ടൈൽ ഇട്ട കെട്ടിടങ്ങളിലും പുക അയൽപക്കങ്ങളിൽ പ്രശ്നമുണ്ടാക്കുന്ന സ്ഥലങ്ങളിലും വിറകടുപ്പുകൾ ഉപയോഗിക്കാൻ കഴിയില്ല. നൂറ്റമ്പതോളം പേർക്ക് മൂന്ന് നേരം ഭക്ഷണം നൽകേണ്ട ലൊക്കേഷനുകളിൽ 24 മണിക്കൂറും അടുപ്പ് എരിയേണ്ടതുണ്ടെന്നും ഈ സാഹചര്യം തുടർന്നാൽ ഷൂട്ടിങ് പൂർണ്ണമായും നിർത്തേണ്ടി വരുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ഷൂട്ടിങ് നിർത്തിവയ്ക്കേണ്ടി വന്നാൽ നിർമ്മാതാക്കൾക്ക് പ്രതിദിനം വലിയ നഷ്ടം സംഭവിക്കുമെന്നാണ് കണക്കാക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളികളെയും സാങ്കേതിക പ്രവർത്തകരെയും ഒന്നിച്ച് എത്തിച്ച് ചിത്രീകരണം തുടരുന്നതിനിടയിൽ ഇത്തരമൊരു തടസ്സം വരുന്നത് സിനിമയുടെ സാമ്പത്തിക ഭദ്രതയെ തകർക്കുമെന്ന് നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് ബി. രാകേഷ് പറഞ്ഞു.  ഗ്യാസ് ലാഭിക്കുന്നതിനായി സെറ്റുകളിലെ ഭക്ഷണ മെനുവിൽ മാറ്റം വരുത്താൻ ചില ലൊക്കേഷനുകൾ നിർബന്ധിതരായിട്ടുണ്ടെന്ന് ഫെഫ്ക പാചക തൊഴിലാളി യൂണിയൻ സെക്രട്ടറി ജാഫർ കാഞ്ഞിരപ്പള്ളി പറഞ്ഞു. എന്നാൽ, ഗ്യാസ് വിതരണം സാധാരണ നിലയിലായില്ലെങ്കിൽ ഈ ക്രമീകരണങ്ങളും പരാജയപ്പെടുമെന്ന് സിനിമാ മേഖലയിലെ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

ENGLISH SUMMARY:

The severe shortage of commercial LPG cylinders is severely disrupting Malayalam cinema shootings, affecting food distribution at 19 ongoing film locations across the state. With only two days of gas supply at most sites, FEFKA and the Producers Association have highlighted the logistical and financial implications for the industry.