neyyar-dam

TOPICS COVERED

ആര്‍ടിഒ ഓഫീസ് ജീവനക്കാരി തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ ചാടി കാണാതായതിന് കാരണം ഭര്‍ത്താവിന്‍റെ പീഡനമെന്ന് പൊലീസ്. നേമം ആര്‍.എസ് നിവാസില്‍ ശരണ്യയെ പതിവായി മദ്യപിച്ചെത്തി ഭര്‍ത്താവ് മര്‍ദിച്ചിരുന്നതായി നാട്ടുകാരും മൊഴി നല്‍കി . ജോലി സ്ഥലത്തെ സമ്മര്‍ദ്ദമാണ് ശരണ്യയെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് ഭര്‍ത്താവിന്‍റെ വാദം.

ഇന്നലെ വൈകിട്ടാണ് നെയ്യാര്‍ ഡാമിലേയ്ക്ക് സ്വന്തം സ്കൂട്ടറില്‍ ശരണ്യ എത്തുന്നത്. ടിക്കറ്റെടുത്ത് ഉളളില്‍ക്കയറിയ ശരണ്യ ഡാമിന്‍റെ ടോപ്പിലെത്തി  സ്കൂട്ടറും മൊബൈലും ചെരിപ്പുമെല്ലാം സ്പില്‍വേയ്ക്ക് സമീപം വച്ച്റിസര്‍വോയറിലേയ്ക്ക് ചാടിയെന്നാണ് നിഗമനം. ആറുമണിക്ക് ശേഷം ശരണ്യയെ ആരും കണ്ടിട്ടില്ല. ശരണ്യയുടെ ഫോണും മറ്റു സാധനങ്ങളും ഉപേക്ഷിക്കപ്പട്ടതു കണ്ട് തിരച്ചില്‍ തുടങ്ങുകയായിരുന്നു. ഇതിനിടെ സംഭവസ്ഥലത്തെത്തിയ ഭര്‍ത്താവ് ശരണ്യയ്ക്ക് ജോലി സ്ഥലത്ത് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും സ്ഥലം മാറ്റത്തിനു ശ്രമിച്ചിരുന്നെന്നും പറഞ്ഞു. എന്നാല്‍ ബന്ധുക്കളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍  ഭര്‍ത്താവിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണ് പൊലീസ്. കോഴി ഫാം ജീവനക്കാരനായ ഭര്‍ത്താവ് സിരീഷ്  പതിവായി മര്‍ദ്ദിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. തിരുവനന്തപുരം ആര്‍ടിഒ ഒാഫീസ് ജീവനക്കാരിയായ 32 കാരി ശരണ്യയ്ക്ക് 11 മാസം മുമ്പാണ് സര്‍ക്കാര്‍ ജോലി കിട്ടിയത്. മുമ്പ് ഭര്‍ത്താവിന്‍റെ ഉപദ്രവത്തിനെതിരെ നേമം പൊലീസില്‍ പരാതി നല്കിയിരുന്നു. ശരണ്യയ്ക്കായി 85 അടി താഴ്ചയിലാണ് പരിശോധന നടക്കുന്നത്. 

ENGLISH SUMMARY:

An RTO office employee allegedly jumped into Neyyar Dam due to her husband's alleged abuse. Police are investigating the incident, with initial findings pointing towards domestic violence as a primary cause.