sreenadevi-kunjamma-02

 

പത്തനംതിട്ട ജില്ല പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗമായ ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി. കാര്‍ഡില്‍ പേര് ചേര്‍ത്തത് തെറ്റായ വിവരം നല്‍കിയെന്ന കാർഡ് ഉടമയുടെ മക്കളുടെ പരാതിയിലാണ് നടപടി. കാര്‍ഡ് ഉടമയുടെ ഭർതൃസഹോദരിയുടെ മകളെന്ന നിലയിലാണ് പേര് ചേര്‍ത്തത്. 

 

എന്നാല്‍ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയില്‍ പറയുന്നു. കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്. അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ആണ് കാര്‍ഡ് റദ്ദാക്കിയത്. കാര്‍ഡ് റദ്ദാക്കിയത് ശ്രീനാദേവിയുടെ ജില്ലാ പഞ്ചായത്ത് അംഗത്വത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. തുവയൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെയുള്ള നടപടി. 

 

അതേസമയം, റേഷന്‍ കാര്‍ഡ് റദ്ദാക്കിയ നടപടിയില്‍ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. നിലവിൽ ഈ വിലാസത്തിൽ ഉള്ള വസ്തുവിൽ തനിക്കും അവകാശമുണ്ടെന്നും മുൻപ് സിപിഐ നേതാവായി ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിച്ചപ്പോഴും ഇതേ വിലാസത്തിലായിരുന്നു റേഷൻ കാർഡെന്നും ശ്രീനാദേവി വ്യക്തമാക്കി. അന്ന് ആർക്കും പ്രശ്നമില്ലായിരുന്നെന്നും സപ്ലൈ ഓഫീസർ സിപിഐയുടെ നിർദ്ദേശപ്രകാരമാണ് ഇപ്പോൾ നടപടിയെടുത്തതെന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു. 

 

ENGLISH SUMMARY:

The ration card that included Sreenadevi Kunjamma, a Congress member of the Pathanamthitta District Panchayat, has been cancelled. The action was taken following a complaint by the children of the ration card holder, alleging that her name had been added to the card using incorrect information. Her name had reportedly been included as the daughter of the card holder’s sister-in-law.