ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ജാമ്യം ലഭിച്ച കെഎസ്‌യു പ്രവർത്തകർ ജയിൽ മോചിതരായി. ഷാൾ അണിയിച്ചും മാലയിട്ടുമാണ് കെഎസ്‍യു നേതാക്കളെ പ്രവർത്തകർ സ്വീകരിച്ചത്. അതേസമയം കെ എസ് യു പ്രതിഷേധത്തിൽ മന്ത്രിക്ക് ആയുധം കൊണ്ട് പരുക്ക് ഏറ്റിട്ടില്ലെന്ന് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട് മനോരമ ന്യൂസിന് ലഭിച്ചു.
ഇന്നലെ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇന്നു ഉച്ചതിരിഞ്ഞാണു ഉത്തരവ് ജയിൽ അധികൃതർക്ക് കൈമാറിയത്. ഇതിനു പിന്നാലെയാണ് കെ എസ് യു കണ്ണൂർ ജില്ല പ്രസിഡൻ്റ് എം സി അതുലടക്കം 5 കെ എസ് യു പ്രവർത്തകർ ജയിൽ മോചിതരായത്. കണ്ണൂർ സബ് ജയിലിന് മുന്നിൽ വലിയ സ്വീകരണമാണ് ഡി സി സി പ്രസിഡൻ്റ് മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ ഒരുക്കിയത്.
കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ കഴുത്തിന് ആക്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നില്ല. കഴുത്തിൻ്റെ പല ഭാഗങ്ങളിൽ തൊടുമ്പോൾ വേദന മാത്രമാണ് ഉണ്ടായിരുന്നത്.ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ലെന്നും റിപ്പോർട്ട് വ‍്യക്തമാക്കുന്നു. ജില്ല ജനറൽ ആശുപത്രിയിലെ ആക്സിഡന്‍റ് രജിസ്റ്റര്‍ കം വൂണ്ട് സര്‍ട്ടിഫിക്കറ്റിലാണ് ഇക്കാര്യങ്ങളുള്ളത്. ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രിയെ ആക്രമിച്ചെന്നായിരുന്നു പൊലിസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.കഴിഞ്ഞ മാസം 25നാണ് മന്ത്രിക്ക് നേരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധമുണ്ടായത്