keralas-historian-kn-panicker-dies

രാജ്യം കണ്ട പ്രമുഖ ചരിത്രകാരനും കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ സ്ഥാപക ചെയര്‍മാനുമായ കെ.എന്‍.പണിക്കര്‍ അന്തരിച്ചു. 90 വയസായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ചരിത്രരചനയ്ക്ക് സാമൂഹിക മാനംനല്‍കിയ ചരിത്രകാന്മാരില്‍ മുന്നില്‍ നില്‍ക്കുന്നയാളാണ് ഡോ.കെ.എന്‍.പണിക്കര്‍. ഇടതുപക്ഷചിന്തകന്‍ കൂടിയായ ഡോ. പണിക്കർ പരമ്പരാഗത മാർക്സിസ്റ്റ് ചരിത്രരചനയുടെ സങ്കേതങ്ങളിൽനിന്ന് ഇറ്റാലിയന്‍ ചിന്തകനായ അന്‍റോണിയോ ഗ്രാംഷിയുടെ പരികൽപ്പനകളിലേക്കും പഠനം വിപുലമാക്കിയിരുന്നു. 

സാമ്പത്തിക ശക്തികള്‍ മാത്രമല്ല ചരിത്രത്തെ നിര്‍ണയിക്കുന്നതെന്ന് അദ്ദേഹം വാദിച്ചു.മതം , മാധ്യമങ്ങള്‍, എന്നിവയിലൂടെ ഭരണവര്‍ഗം തങ്ങളുടെ ആശയങ്ങള്‍ ജനങ്ങളുടെ സാധാരണ ചിന്താഗതിയി മാറ്റിയെടുക്കുന്നുവെന്ന ഗ്രാഷിയുടെ ചിന്തകള്‍ പണിക്കരെ വലിയതോതില്‍ സ്വാധീനിച്ചു. 1972 ല്‍ ന്യൂഡൽഹി ജവഹർലാൽ സർവകലാശാല ചരിത്രവിഭാഗം അധ്യാപകനായി ചേര്‍ന്ന അദ്ദഹം അവിടെ ചരിത്രവിഭാഗം മേധാവിയുമായി.  കാലടി സംസ്കൃത സർവകലാശാല വൈസ്ചാൻസലര്‍, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയർമാന്‍, കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ സ്ഥാപക ചെയര്‍മാന്‍ തുടങ്ങിയ നിലയകളില്‍  പ്രവർത്തിച്ചിട്ടുണ്ട്. 

വിദേശസർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറുമായിരുന്നു.  ഇന്ത്യൻ സ്വാതന്ത്രസമരത്തെ ആസ്പദമാക്കിഐ സി എച്ച് ആർ രൂപം കൊടുത്ത ടുവേർഡ്സ് ഫ്രീഡം എന്ന ചരിത്രരചനാപദ്ധതിയുടെ നാലാം വാല്യത്തിന്‍റെ എഡിറ്ററായിരുന്നു പണിക്കർ. എന്നാല്‍  ഈ പതിപ്പ് പുനപരിശോധിക്കാൻ തീരുമാനിച്ചത് വിവാദമായിരുന്നു. അക്കാദമിക്ക് രംഗത്ത് മാത്രം  ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍. തീവ്രവാദവും കലാപവും കലുഷിതമാക്കിയ നാളുകളിൽ അദ്ദേഹം മതനിരപേക്ഷതയും സമാധാനവും സ്ഥാപിക്കാന്‍ രാജ്യമെങ്ങും യാത്രചെയ്തു. 1984–ലെ സിഖ് കലാപകാലത്തും ബാബറി മസ്ജിദ് സംഭവശേഷവും ഗുജറാത്ത് കലാപകാലത്തും  രാജ്യത്തുടനീളം സഞ്ചരിച്ചു മതനിരപേക്ഷസന്ദേശങ്ങൾ പ്രചരിപ്പിച്ചു.വിദ്യാഭ്യാസത്തെ മതവൽക്കരിക്കുന്ന പ്രവണതകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ചരിത്രകാരന്മാരിലെ പ്രധാനിയാണ് വിടവാങ്ങുന്നത്.

ENGLISH SUMMARY:

Historian K.N. Panicker passes away at 90, a distinguished figure renowned for bringing a social dimension to historical writing. His influential work, particularly his engagement with Antonio Gramsci's theories, significantly shaped his understanding of how power structures influence societal thought.