കാന്തപുരത്തിന്‍റെ നിയന്ത്രണത്തിലുള്ള കോളജിന് എയ്ഡഡ് പദവി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മര്‍ക്കസ് യുനാനി മെഡിക്കല്‍കോളജിനാണ് എയ്ഡഡ് പദവി നല്‍കുന്നത്. സംസ്ഥാനത്തെ ഏക യുനാനി മെഡിക്കല്‍ പഠന സ്ഥാപനമാണ് മര്‍ക്ക്സ് കോളജ്. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള ഈ തീരുമാനം വഴി കാന്തപുരം വിഭാഗത്തെ ഒപ്പം നിറുത്തുക എന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ടെന്ന് വ്യക്തം. ലീഗുമായുള്ള ഭിന്നതകള്‍ കുറച്ച് കാന്തപുരം കൂടുതല്‍ സഹകരണത്തിലേക്കു വന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ തീരുമാനമെന്നതും ശ്രദ്ധേയമാണ്.
436 ഹെൽത്ത് ഇൻസ്പെക്ടര്‍ തസ്തികള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹെൽത്ത് ഇൻസ്പെക്ടര്‍ ഗ്രേഡ് II താൽക്കാലിക തസ്തികകൾ സൃഷ്ടിച്ചിട്ടില്ലാത്ത ഗ്രാമപഞ്ചായത്തുകളിലാണ് തസ്തികകൾ സൃഷ്ടിക്കുക. ഇതിലേക്ക് കരാർ അടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് എക്സ് ചേഞ്ച് മുഖേന നിയമനം നടത്തുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കി. പി.എസ്.സിയില്‍ 35 തസ്തികകള്‍ കൂടി സൃഷ്ടിക്കും. ജോയിന്‍റ് സെക്രട്ടറി - 1, അണ്ടര്‍ സെക്രട്ടറി - 3, സെക്ഷന്‍ ഓഫീസര്‍ - 6, അസിസ്റ്റന്റ് - 18, സിസ്റ്റം മാനേജര്‍, നെറ്റ് വര്‍ക്ക് എന്‍ജിനീയര്‍, സിസ്റ്റം അനലിസ്റ്റ് - 1 വീതം, അസിസ്റ്റന്‍റ് ഹാര്‍ഡ് വെയര്‍ എഞ്ചിനിയര്‍, സെക്യൂരിറ്റി ഗാര്‍ഡ് (ദിവസ വേതനം) - 2 വീതം എന്നിങ്ങനെയാണ് പുതിയ തസ്തികകള്‍.
സ്പോര്‍ട്സ് ക്വാട്ട നിയമന നടപടിക്രമങ്ങള്‍ പരിഷ്ക്കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് 2020-24 കാലയളവിലെ 243 ഒഴിവുകളിലേക്ക്് അപേക്ഷ ക്ഷണിക്കും. കൂടുതല്‍ മത്സരങ്ങള്‍ നിയമനത്തിനുള്ള യോഗ്യതയായി ചേര്‍ക്കും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 2010 മുതല്‍ 2019 വരെയുള്ള 10 വര്‍ഷത്തെ നിയമനം പൂര്‍ത്തീകരിച്ച ശേഷമാണ് ഈ അഞ്ച് വര്‍ഷത്തെ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നത്. ഇതോടെ, ആകെ 15 വര്‍ഷത്തെ നിയമനം ഈ കാലയളവില്‍ നടത്താന്‍ നടപടി സ്വീകരിച്ചു. സ്‌പോര്‍ട്‌സ് ക്വാട്ട പ്രകാരം കഴിഞ്ഞ 10 വര്‍ഷത്തിനിടെ 500 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ പ്രത്യേക പരിഗണനയിലും കെഎസ്ഇബി, കേരളാ പൊലീസ് എന്നിവിടങ്ങളിലുമായി 500 പേര്‍ക്കും ജോലി നല്‍കിയിട്ടുണ്ട്.
അംഗീകൃത ഫെഡറേഷനുകള്‍ നടത്തുന്ന കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, കുറഞ്ഞത് എട്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന അംഗീകൃത അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകള്‍, ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് എന്നീ മത്സരങ്ങള്‍ കൂടി നിയമനത്തിന് പരിഗണിക്കാന്‍ തീരുമാനിച്ചു. ഇത് കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കും.