Untitled design - 1

ഇറാൻ, ഇസ്രായേൽ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷസാധ്യത കണക്കിലെടുത്ത് അവിടുത്തെ കേരളീയരുടെ സുരക്ഷ മുൻനിർത്തി നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹായം ആവശ്യമുള്ള പ്രവാസികൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിലെ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

+91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ സൗകര്യം), 18004253939 (ഇന്ത്യയിൽ നിന്നും വിളിക്കാവുന്ന ടോൾ ഫ്രീ നമ്പർ). അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങൾ അടിയന്തരമായി പാലിക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാരും ശ്രദ്ധിക്കണം. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

അതേസമയം, തെക്കൻ ഇറാനിലെ ഹോർമുസ്ഗാനിലെ മിനാബ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രൈമറി സ്കൂളിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 40 പെണ്‍കുഞ്ഞുങ്ങളാണ്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളാണിതെന്ന് ഇറാൻ്റെ ഫാർസ് (Fars) വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. മിസൈല്‍ പതിച്ചാണ് അഞ്ചു വിദ്യാര്‍ഥിനികള്‍ കൊല്ലപ്പെട്ടത്. സ്കൂള്‍ തകര്‍ന്നടിഞ്ഞതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിന് നേരെയും ഇസ്രായേല്‍ വ്യോമാക്രമണം നടത്തുന്നുണ്ട്. ഇസ്രയേല്‍, യുഎസ് സംയുക്ത ആക്രമണത്തിന് തിരിച്ചടി നല്‍കി ഇറാന്റെ ശക്തമായ നീക്കം തുടരുന്നതിനിടെയാണ് ഇറാന് കനത്ത പ്രഹരമായി പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ആക്രമണമുണ്ടായത്. 

ബഹ്റൈന്‍, അബുദാബി, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലെ യുഎസ് സൈനികത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ഇറാന്‍ ആക്രമണം തുടരുന്നത്. അബുദാബിയില്‍  ഏഷ്യക്കാരനായ ഒരാള്‍ കൊല്ലപ്പെട്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇറാന്‍ മിസൈലുകള്‍ പ്രതിരോധിച്ചെന്ന് യുഎഇയും കുവൈത്തും വ്യക്തമാക്കി. 

ഇറാനില്‍ യുഎസും ഇസ്രയേലും നടത്തിയ ആക്രമണത്തില്‍ ടെഹ്റാനില്‍ മിസൈല്‍ വര്‍ഷമുണ്ടായി. ഇറാന്റെ പരോമന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ വസതിക്കു സമീപവും മിസൈല്‍ വീണു. ഖമനയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇസ്രയേല്‍, ഇറാഖ്, ഇറാന്‍, ഖത്തര്‍ വ്യോമപാതകള്‍ അടച്ചു. ഇറാനില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. യുദ്ധത്തിന് എപ്പിക് ഫ്യൂറി എന്നാണ് പേരെന്ന് യുഎസും ലയണ്‍ റോര്‍ എന്നാണ് പേരെന്ന് നെതന്യാഹുവും വ്യക്തമാക്കി. 

ENGLISH SUMMARY:

Norka Roots has launched a helpline for Kerala expatriates in West Asia amidst the escalating Iran-Israel conflict. This initiative aims to ensure the safety and provide assistance to Keralites in the region during this critical time.