ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതോടെ വിവാദ ചിത്രം 'കേരള സ്റ്റോറി 2' പ്രദർശനം തുടങ്ങി. എന്നാൽ കേരളത്തിലെ പ്രധാന നഗരങ്ങളിലെ തിയറ്ററുകളിലൊന്നും ഷോ കാണാൻ ആളില്ല. ഇന്ന് രാവിലെ 10.30 നാണ് കൊച്ചിയിൽ ആദ്യ ഷോ ആരംഭിച്ചത്. നഗരത്തിൽ 9 ഇടങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
ഷേണായീസ് തിയറ്ററിൽ 10. 30 ന് ഷോ ഉണ്ടായിരുന്നെങ്കിലും ചിത്രം കാണാൻ ആരും എത്തിയില്ല. ന്യൂക്ലിയസ് മാളിലെ പാൻ സിനിമാസിൽ മൂന്ന് പേരും പിവിആറിൽ രണ്ട് പേരുമാണ് ചിത്രം ഓൺലൈനിൽ ബുക്ക് ചെയ്തിരുന്നത്. ഇന്നലെ രാത്രിയോടെയാണ് സിനിമയുടെ ആഗോള റിലീസ് നടന്നത്. 50 തിലധികം സ്‌ക്രീനുകളിലേക്കാണ് ചിത്രം എത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ ഇന്നലെ രാത്രി തന്നെ 90 ശതമാനം തിയറ്ററുകളിലും ആളുകൾ ഇല്ലായിരുന്നു.
ഇന്നലെ രാത്രിയിൽ കോഴിക്കോട് നടക്കേണ്ടിയിരുന്ന ചിത്രത്തിന്റെ പ്രദർശനം റദ്ദാക്കിയിരുന്നു. കോഴിക്കോട് റീഗൽ തിയറ്ററിലാണ് പ്രദർശനം കാൻസൽ ചെയ്തത്. രണ്ട് പേർ മാത്രമാണ് സിനിമയ്ക്ക് ബുക്ക് ചെയ്തിരുന്നത്. രാത്രി പത്ത് മണിയോടെ പ്രദർശിപ്പിക്കേണ്ട ഷോയ്ക്ക് ആളില്ലാത്തതിനെ തുടർന്ന് തിയറ്റർ അധികൃതർ ഷോ കാൻസൽ ചെയ്തതായി അറിയിക്കുകയായിരുന്നു. കേരള സ്റ്റോറിയുടെ ആദ്യ ഭാഗവും കേരളത്തിലെ തിയറ്ററുകളിൽ വൻ പരാജയമായിരുന്നു.