കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്ധ പരിശോധന. എംആർഐ സ്കാനിംഗ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനം. കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകിട്ട് മുതൽ അഞ്ചര മണിക്കൂർ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, മന്ത്രി വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിച്ച് കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് രംഗത്ത് എത്തി. വീണാ ജോർജിന്റെ മെഡിക്കൽ റിപ്പോർട്ട് പങ്കുവെച്ചായിരുന്നു അടൂർ പ്രകാശിന്റെ ആശംസ.
അതേസമയം മന്ത്രിയ്ക്ക് എതിരായ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാത്രി കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് അജ്ഞാതർ തീയിട്ടു. അർധരാത്രിയോടെയാണ് സംഭവം. കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന് തീയിട്ടതാണ്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിന്റെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും സിപിഎം നശിപ്പിക്കുന്നത് തുടരുകയാണ്.