veena-gerogeinjury

കണ്ണൂരില്‍ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരുക്ക്. മന്ത്രിയുടെ കയ്യില്‍ മുറിവേറ്റു. കഴുത്തിലും പരുക്കുണ്ട്. പ്രതിഷേധക്കാര്‍ മര്‍ദിച്ചെന്ന് വീണാ ജോര്‍ജ് പറഞ്ഞു. മന്ത്രി റയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പൊലീസ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. മന്ത്രി ഒരുവശത്തുകൂടി കടന്നുപോകുമ്പോള്‍ മന്ത്രിക്കുനേരെ പ്രതിഷേധക്കാര്‍ തള്ളിക്കയറി വരികയായിരുന്നു. മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഐസിയുവില്‍ പ്രവേശിപ്പിക്കും. സ്പീക്കറും റയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്നു. 

മന്ത്രിയെ സമരക്കാര്‍ ആക്രമിച്ചെന്ന് സ്പീക്കറും പറഞ്ഞു. പ്രതിഷേധിക്കാം, കയ്യേറ്റം ചെയ്യുന്നത് തെറ്റാണ്. ഇത്തരം സമരത്തെ യുഡിഎഫ് തള്ളിപ്പറയണമെന്നും എ.എന്‍.ഷംസീര്‍ മാധ്യമങ്ങളോടു പറഞ്ഞു. 

യൂത്ത് കോണ്‍ഗ്രസിന്‍റെ ക്രിമിനല്‍ സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് എം.വി ജയരാജന്‍ പറഞ്ഞു. സുരക്ഷയല്ല, മനുഷ്യത്വമാണ് പ്രശ്നം. ചാവേറുകളായി യൂത്ത് കോണ്‍ഗ്രസുകാര്‍ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. ആക്രമണം തടയാന്‍ നേതാക്കള്‍ ഇടപെട്ടില്ല. ഇത് ആസൂത്രിത ആക്രമണമാണ്. നേരത്തെ റീത്ത് വച്ചവര്‍ക്കെതിരെ കോണ്‍ഗ്രസ്് നടപടിയെടുത്തില്ലെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. 

മന്ത്രിയെ അപായപ്പെടുത്താനുള്ള നീക്കമെന്ന് കെ.കെ. രാഗേഷ് ആരോപിച്ചു. ഇത് തെമ്മാടിത്തരമാണ്. പൊലീസിന്‍റെ ജാഗ്രതക്കുറവല്ല. ബിജെപിയും യൂത്ത് കോണ്‍ഗ്രസും ഒത്തുകളിച്ചെന്ന് സംശയിക്കുന്നു. പുറത്ത് ബിജെപിയും അകത്ത് യൂത്ത് കോണ്‍ഗ്രസും പ്രതിഷേധിച്ചു. അക്രമത്തെ ശക്തമായി നേരിടാന്‍ സിപിഎമ്മിന് കഴിയുമെന്നും രാഗേഷ് മുന്നറിയിപ്പ് നല്‍കി. ആസൂത്രിതമായ ഗുണ്ടായിസമെന്നു മന്ത്രി സജി ചെറിയാൻ വിമര്‍ശിച്ചു 

മന്ത്രിക്കെതിരായ ആക്രമണം പ്രതിപക്ഷ നേതാവിന്റെ അറിവോടെയെന്ന്  മന്ത്രി വി.ശിവൻകുട്ടി മനോരമ ന്യൂസിനോട് പ്രതികരിച്ചു. മന്ത്രിയെ വകവരുത്തുകയായിരുന്നു ലക്ഷ്യം. ഈ മട്ടിലുള്ള പ്രതിഷേധം ജനാധിപത്യ മര്യാദകൾക്ക് ചേരാത്തതാണ്. ആസൂത്രിത ആക്രമണമെന്നും ശിവൻകുട്ടി പറഞ്ഞു. 

ENGLISH SUMMARY:

Kerala Health Minister Veena George sustained injuries during a KSÜ protest in Kannur, with reports indicating cuts on her hand and neck. The incident occurred at the railway station when protesters allegedly pushed their way towards the minister.