sanoop-hospital

‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്', ബെന്യാമിന്‍റെ ആടുജീവിതത്തിലെ ഈ വരികള്‍ പോലെയാണ് തൃശൂർ തൃക്കൂർ സ്വദേശി സനൂപിന്‍റെ അനുഭവം.

ജീവിതം ആസ്വദിച്ച് നടന്ന ഒരു ചെറുപ്പക്കാരന്‍, മുട്ടുവേദന വന്നത് ചികിൽസിക്കാനായി സർക്കാർ മെഡിക്കൽ കോളജിലെത്തി. അങ്ങോട്ട് ബൈക്ക് ഓടിച്ച് പോയ സനൂപ് തിരികെ വന്നത് രണ്ടു കണ്ണുകളും നഷ്ടപ്പെട്ടാണ്. സനൂപിന്‍റെ ജീവിതം ഇപ്പോൾ ഒരു നൊമ്പരക്കയത്തിലാണ്, 2023ലാണ് സനൂപിന്‍റെ ജീവിതം കീഴ്മേല്‍ മറിഞ്ഞത്.

തൃശൂരിലെ സർക്കാർ മെഡിക്കൽ കോളജിൽ ചികിൽസ തേടി പോയി എന്ന ഒരു കുറ്റം മാത്രമെ ഈ ടൈൽ പണിക്കാരന്‍ ചെയ്തുള്ളു. 2023 ജൂലൈയിലാണ് കാൽമുട്ട് വേദനയ്ക്കു ചികിൽസ സനൂപ് തേടിയത്. അച്ഛനൊപ്പം ബൈക്ക് ഓടിച്ച് മെഡിക്കൽ കോളജിൽ പോയി.

മരുന്ന് കുത്തിവയ്ക്കാൻ കൈയിൽ സൂചി കുത്തിയ ഇടം പഴുത്തു. ശരീരത്തിലാകെ പടർന്നു. കണ്ണുകളിലും എത്തി. പ്രമേഹ രോഗ ബാധിതൻ കൂടിയായിരുന്നു. കണ്ണുകൾ നീക്കം ചെയ്യേണ്ടി വന്നു. കുത്തിവയ്പ്പിലെ പിഴവാണ് കാരണമെന്ന് സനൂപ് ഉറപ്പിച്ച് പറയുന്നു.

രാത്രിയിൽ സനൂപിന് ഉറക്കമില്ല. ജീവിതം മടുത്തു. ഭാര്യയാകട്ടെ കോവിഡ് ബാധിച്ച് മരിച്ചു. ആറു വയസുള്ള മകനുണ്ട്. അമ്മ വീട്ടുജോലി എടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനമാണ് ഈ കുടുംബത്തിന്റെ ആശ്രയം.

ആശുപത്രി അധികൃതർക്കെതിരെ നിയമ പോരാട്ടത്തിന് പോയിട്ട് ഒരു നേരത്തെ ആഹാരത്തിന് പോലും വകുപ്പില്ല, മുന്നോട്ടുപോകാൻ സുമനസുകളുടെ കൈത്താങ്ങ് തന്നെ വേണം. ഒപ്പം തന്‍റെ ജീവിതം തന്നെ തകര്‍ത്ത അധികൃതര്‍ക്കെതിരെ നടപടിയും. ഇരുട്ടിന്‍റെ ലോകത്ത് ആ ചെറുപ്പക്കാരന്‍ ഇരുന്ന് വിങ്ങുമ്പോള്‍ കുറ്റക്കാര്‍ ഇന്നും സുഖിച്ച് കഴിയുന്നു.

 

ENGLISH SUMMARY:

Sanoop's life was tragically altered after seeking treatment for knee pain at a government medical college in Thrissur, resulting in the loss of his eyesight due to a supposed injection error. This incident, which mirrors the poignant quote from Benyamin's 'Aadu Jeevitham', has left him in despair, struggling for survival and seeking justice.