കഴിഞ്ഞ ദിവസങ്ങളിലായി മിക്ക ജില്ലകളിലും മഴ പെയ്തെങ്കിലും പാലക്കാട് ഇപ്പോഴും തീച്ചൂളയിലാണ്. വേനലെത്തിയതോടെ എരിയുന്ന പാലക്കാടിൽ എണ്ണ ഒഴിക്കുന്നതുപോലെ ഇലക്ഷനുമെത്തി. ഇനി കരിമ്പന പോലും കത്തുമെന്നാണ് നാട്ടുകാർ പറയുന്നത്.
പാലക്കാട് പുലർവേള കഴിഞ്ഞാൽ പിന്നെയങ്ങോട്ട് ഓരോ മൺതരിയും ചുരം കടന്നെത്തുന്ന കാറ്റിൻ്റെയും ഉച്ചയിലേയ്ക്ക് നീങ്ങുന്ന സൂര്യൻ്റെയും താപം ഏറ്റെടുക്കും. അതോടെ പാലക്കാട്ടുകാർ എരിപൊരി കൊള്ളാൻ തുടങ്ങും. കരിമ്പനകൾ പോലും ആ ചൂടിൽ നടുവൊടിഞ്ഞ് നിൽക്കും. നെൽപാടങ്ങൾ വരണ്ടുണങ്ങും. വർഷങ്ങളായി ഇങ്ങനെ വേനൽ ചൂടിൽ പകരം വെക്കാൻ ഇല്ലാത്ത നാടായി ഈ ജില്ല മാറുന്നു. താപനിലയുടെ കണക്കെടുക്കുമ്പോഴെല്ലാം പാലക്കാട് എന്നും ഒന്നാമതാണ്.
വികൃതമായി വരച്ച ചിത്രം പോലെ ഭൂമി വരണ്ട് കിടക്കുന്നു. ജീവജാലങ്ങളും,വന്യമൃഗങ്ങളും കൂടു വിട്ട് യാത്ര ആരംഭിക്കുകയാണ്, ഒരുതുള്ളി വെള്ളത്തിനായുള്ള യാത്ര. ഓരോ ചൂടിലും കരിയുന്നത് കർഷകൻ്റെ മനസ്സാണ്. ഭൂമിയെ പൊതിയുന്ന ചൂട് അവൻ്റെ മനസ്സിനെ പരീക്ഷിക്കുമ്പോൾ വിയർപ്പുതുള്ളികൾ സഹനത്തിൻ്റെ മുത്തുമണികളായി മാറ്റുന്നു. അത്തരം കർഷകരുടെ പ്രതിനിധിയാണ് കിട്ടുണ്ണി. ഈ കർഷകനു നാട്ടിലെ ചൂടിനെക്കുറിച്ച് ഏറെ പറയാനുണ്ട്. പാലക്കാടൻ മണ്ണ് മഴയെന്ന അനുഗ്രഹത്തിനായി പിന്നെയും കാത്തിരിക്കും.