TAGS

കേരളത്തിന്‍റെ  ചരിത്രം തിരുത്തിയെഴുതുകയും സാമൂഹ്യ ജീവിതത്തില്‍ കാതലായ മാറ്റം കൊണ്ടുവരികയും സാസ്കാരിക നായകരുടെ ഓര്‍മ അനശ്വരമായി നിലനിര്‍ത്താനുള്ള പദ്ധതികള്‍ക്കും കിഫ്ബി വഴി സാക്ഷാത്കാരമാകുന്നു. ഇതില്‍ പ്രധാനമാണ് കൊല്ലം ആശ്രാമം മൈതാനത്ത് പൂര്‍ത്തിയായ ശ്രീനാരായ ഗുരു സാംസ്കാരിക കേന്ദ്രവും പാലക്കാട് വി ടി ഭട്ടത്തിരിപ്പാടിന്‍റെ പേരിലുളള സമുച്ചയവും .വിവിധ ജില്ലകളില്‍  സാസ്കാരിക നായകരുടെ പേരിലുള്ള സമുച്ചയങ്ങള്‍ പൂര്‍ത്തിയായിവരുന്നു

കേരളത്തിലെ ജാതിവ്യവസ്ഥയുടെ ആണിക്കല്ല് ഇളക്കിയ ശ്രീനാരായണ ഗുരുവിന്‍റെ പേരില്‍ ധാരാളം സ്ഥാപനങ്ങളുണ്ടെങ്കിലും കൊല്ലത്തെ ഈ സാംസ്കാരിക കേന്ദ്രം തിലകക്കുറിയായി നില്‍ക്കുന്നു. ചരിത്രത്തിലിടം നേടിയ ധാരാളം സംഭവങ്ങള്‍ക്ക് സാക്ഷിയായ കൊല്ലം ആശ്രാമം മൈതാനത്ത് 57.32 കോടിരൂപ ചെലവിലാണ് ഈ സമുച്ചയം പൂര്‍ത്തിയായത്. ബ്രാഹ്മണ സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ തുറന്നുപോരാടിയ വി.ടി ഭട്ടതിരിപ്പാടിനെ തലമുറകള്‍ ഓര്‍ക്കും വിധമാണ് പാലക്കാട് അദ്ദേഹത്തിന്‍റെ പേരിലുള്ള സാംസ്കാരിക കേന്ദ്രം തുറന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ രൂപംകൊടുത്ത കിഫ്ബി സഹായത്തോടെയുള്ള പദ്ധതിയില്‍ അന്നത്തെ സാംസ്കാരിക മന്ത്രിയായിരുന്ന എ.കെ. ബാലനും പ്രധാന പങ്കുവഹിച്ചു.

തലനരയ്ക്കുവതല്ലെന്‍റെ വൃദ്ധത്വം, തലനരയ്ക്കാത്തതെന്‍ യുവത്വവും എന്ന വാക്യംകേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മവരിക മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെയാണ്. അദ്ദേഹത്തെ പ്രചോദിപ്പിച്ച ടി സുബ്രഹ്മണ്യന്‍ തിരുമുമ്പിന്‍റെ ഓര്‍മകളും മായില്ലൊരിക്കലും. കാസര്‍കോഡ് ജില്ലയിലെ ചെറുവത്തൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച ടി.എസ് തിരുമുമ്പിന് കാസര്‍കോട് തന്നെയാണ് ഉചിതമായ സ്മാരകം ഉയര്‍ന്നത്. 46.43 കോടിരൂപ ചെലവില്‍ നിര്‍മിച്ച ഈ സമുച്ചയം കാസര്‍കോട് ജില്ലയ്ക്ക് എന്നും മുതല്‍ക്കൂട്ടാണ് ​കൈരളി തീയറ്ററിന്‍റെ മാതൃകയില്‍ വൈക്കം, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ തീയറ്ററുകള്‍ നിര്‍മാണം പൂര്‍ത്തിയായി  പ്രൊജക്ടര്‍ ഉള്‍പ്പടെ മറ്റ് സംവിധാനങ്ങള്‍ കൂടി വന്നാല്‍ മതി. വൈക്കത്തുകാര്‍ക്ക് മികച്ച സിനിമാ അനുഭവം ഇനി സാധ്യമാകും

പയ്യന്നൂരിലെ തീയറ്റര്‍ സമുച്ചയവും പൂര്‍ത്തിയാകുന്നു. അതോടൊപ്പം തൃശൂര്‍ അളഗപ്പനഗര്‍, കായംകുളം , ചെങ്ങന്നൂര്‍ , കൊട്ടാരക്കര എന്നിവിടങ്ങളില്‍ തീയറ്റര്‍ പ്രോജക്ടുകള്‍ നിര്‍മാണഘട്ടത്തിലാണ്.  ചെങ്ങന്നൂരില്‍ 48 കോടിരൂപയും കായംകുളത്ത് 12 കോടിരൂപയും അളഗപ്പനഗറില്‍ 16.84 കോടിയും പയ്യന്നൂരില്‍ 16 കോടിയും വൈക്കത്ത് 22 കോടിരൂപയുമാണ് ചെലവിടുക. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ സമുച്ചയത്തിനായി 150 കോടിരൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിനുപുറമെ അയ്യാ വൈകുണ്ഠസ്വാമിയുടെ  സ്മാരകത്തിനായി മൂന്നുകോടി പതിനാറുലക്ഷം രൂപയും കിഫ്ബി  അനുവദിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ കേരളത്തിന്‍റെ സാംസ്കാരിക പാരമ്പര്യവും പുരോഗമന കാഴ്ചപ്പാടും പുതുതലമുറയ്ക്ക് പകരാന്‍ പോന്നവയാണ്.

ENGLISH SUMMARY:

KIIFB cultural projects are instrumental in preserving Kerala's rich cultural heritage and fostering social change. These initiatives include significant projects like the Sree Narayana Guru Cultural Centre and the V.T. Bhattathiripad Cultural Centre, ensuring the memories of cultural leaders are immortalized for future generations.