തിരുവനന്തപുരം നെടുമങ്ങാട് ആശുപത്രിയിൽ ചികിൽസാ പിഴവുകളിൽ സസ്പെൻഷനിലായ ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകൾ വെളിപ്പെടുത്തി യുവതി. സാധാരണ പ്രസവത്തിനിടെ ഡോക്ടറുടെ കൈപ്പിഴയിൽ മലാശയം മുറിഞ്ഞ യുവതി ഇതിനകം വിധേയയായത് 5 ശസ്ത്രക്രിയകൾക്കാണ്. വേദന കൊണ്ട് പിടഞ്ഞപ്പോൾ അഹങ്കാരിയെന്ന് വിളിച്ചെന്നും മുറിവിൽ മരുന്നു വയ്ക്കാൻ ഡോക്ടർ തയാറായത് 2000 രൂപ എണ്ണി കൊടുത്തതിന് ശേഷമെന്നും യുവതി മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. Also Read: സിസേറിയന്‍ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായി; ഡോ.ബിന്ദുവിന് ഗുരുതര വീഴ്ച .
നാലു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഹസ്ന ഫാത്തിമയ്ക്ക് ഒരു കുഞ്ഞിനെ കിട്ടിയത്. കുഞ്ഞിനൊപ്പം സന്തോഷകരമായ ജീവിതം സ്വപ്നം കണ്ട ഹസ്നയ്ക്ക് പക്ഷേ കുട്ടി ജനിച്ച ദിവസം മുതൽ ജീവിതം മാറി മറിഞ്ഞു. 2025 ജൂൺ 19 നാണ് നെടുമങ്ങാട് ആശുപത്രിയിൽ ഡോ. ബിന്ദു സുന്ദർ ഹസ്നയുടെ പ്രസവമെടുത്തത്. യോനിഭാഗത്ത് മുറിയുണ്ടാക്കിയപ്പോൾ മലാശയം കൂടി മുറിഞ്ഞു.
യോനി ഭാഗത്തു കൂടി മലം പുറത്തുവന്നാലുള്ള അവസ്ഥ. അണുബാധയയേറ്റ് പുളഞ്ഞ യുവതിയോട് ഡോ. ബിന്ദുവിന്റെ മറുപടിയായിരുന്നു ഏറ്റവും ക്രൂരം. കരഞ്ഞപ്പോൾ അഹങ്കാരിയെന്ന് വിളിച്ച് ആക്ഷേപിച്ചു. ഒടുവിൽ മികച്ച പരിചരണത്തിന് സർക്കാർ ഡോക്ടർ പണമെണ്ണി വാങ്ങി. നില വഷളായപ്പോൾ മെഡിക്കൽ കോളജിലേയ്ക്ക് റഫർ ചെയ്ത് കൈകഴുകി. ഇതുവരെ 5 ശസ്ത്രക്രിയകൾ. ശരീരത്തിന് പുറത്ത് പിടിപ്പിച്ച ബാഗിലൂടെ മലവിസർജനം. മകനെ ഒന്നെടുക്കാൻ പോലുമാകാതെ ഉള്ളുരുകുകയാണ് ഹസ്ന. ഹസ്നയുടെ പരാതിയിൽ ആരോഗ്യ വകുപ്പ് അനങ്ങാറ നയം തുടരുന്നതിനിടെയാണ് പ്രസവത്തിനിടെ കുഞ്ഞ് മരിച്ച കേസിൽ ഡോ ബിന്ദു സസ്പെൻഷനിലാകുന്നത്.