പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപത് മാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ തൃത്താല പോലീസ് കേസെടുത്തു. തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജ (29) ആണ് മരിച്ചത്. ഫെബ്രുവരി 16-നാണ് നൗഷിജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സവും ബ്ലീഡിങ്ങും ഉണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

 

മതിയായ ചികിത്സ ലഭിച്ചില്ലെന്നും ചികിത്സാ രേഖകൾ നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും ആരോപിച്ച് നൗഷിജയുടെ സഹോദരൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി. നിലവിൽ തൃശൂർ മെഡിക്കൽ കോളേജിലുള്ള മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 

 

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ENGLISH SUMMARY:

The Thrithala police have registered a case regarding the death of a nine-month pregnant woman who was undergoing treatment at Pattambi Taluk Hospital. The deceased has been identified as Noushija (29), a native of Merattur, Thrithala. She was admitted to the hospital on February 16. As she developed breathing difficulties and bleeding, she was shifted to a private hospital, but her life could not be saved.