നവകേരള സർവേ യുഡിഎഫ് വിരുദ്ധ പ്രചാരണവും ലക്ഷ്യമിട്ടതിനു തെളിവായി  മുഖ്യമന്ത്രിയുടെ പ്രസംഗം. യുഡിഎഫ് ക്ഷേമ പെൻഷനെതിരെ നിലപാട് എടുത്തത് സർവേയുമായി പോവുന്നവരുടെ മനസിലുണ്ടാവണമെന്ന് മുഖ്യമന്ത്രി.  നവകേരള സർവേ ജില്ല നിർവാഹക സമിതി അംഗങ്ങൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്പശാലയിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. നവകേരള സർവേയെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. 

നവകേരള സർവേയുമായി ജനങ്ങളെ കാണാൻ എത്തുന്നവർ പ്രതിപക്ഷത്തിനെതിരെ എന്തു പറയണമെന്ന് പോലും മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ ഉണ്ട്. ഇ കെ നായനാർ സർക്കാർ 45 രൂപ വീതം കർഷക തൊഴിലാളി പെൻഷൻ നൽകിയപ്പോൾ എതിർത്തവരെ ഓർമ വേണം. യുഡിഎഫ് ഭരണകാലത്തെ 16 മാസത്തെ പെൻഷൻ കുടിശ്ശിക കൊടുത്തുതീർത്ത് പെൻഷൻ 600 രൂപയിൽ നിന്ന് 1600 രൂപ ആക്കിയത് ഈ സർക്കാരാണന്ന് ഓർമ വേണമെന്നും മുഖ്യമന്ത്രി.

യുഡിഎഫിന്റെ കാലത്ത് പാഠപുസ്തകങ്ങളുടെ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിതരണം ചെയ്യുകയായിരുന്നു പതിവ്. ഇപ്പോൾ സ്കൂൾ തുറക്കും മുൻപ് പാഠപുസ്തകം വിതരണം ചെയ്യുകയാണ്. സർവ്വേയുടെ ഭാഗമായി ഇതെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വീഴ്ചകൾ എണ്ണിയെണ്ണി പറയാനുണ്ടെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. 10 വർഷം ഭരിച്ച ഇടത് സർക്കാരിൻറെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടുനിൽ തെറ്റില്ലെന്നും അദ്ദേഹം  പറഞ്ഞു.

ENGLISH SUMMARY:

Navakerala Survey is being used as a tool to counter the UDF's anti-government campaign, as highlighted in the Chief Minister's recent speech. The survey aims to inform the public about government achievements and contrast them with past failures.