bar-02

ബാര്‍ സമയം കൂട്ടാനുള്ള തീരുമാനം ഇടതു മുന്നണി അറിയാതെ.  മന്ത്രിസഭാ യോഗത്തിലും  വിഷയം ചര്‍ച്ച ചെയ്തില്ല. സമയം നീട്ടണമെന്ന ബാര്‍ ഉടമകളുടെ അപേക്ഷ എക്സൈസ് വകുപ്പ് ഉത്തരവാക്കുകയായിരുന്നു. അതേസമയം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബാറുകളുടെ പ്രവർത്തന സമയം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ സർക്കാരിനെ സമീപിച്ചത് പതിനൊന്ന് തവണ. അങ്ങനെയൊരു തീരുമാനം എടുക്കാനാവില്ലെന്ന് ആവർത്തിച്ച സർക്കാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമയം കൂട്ടി നൽകിയതിന് പിന്നിൽ സാമ്പത്തിക ലക്ഷ്യമെന്നാണ് വിമർശനം. വിനോദസഞ്ചാര മേഖല ഉണർവിന്റെ പാതയിലായതിനാൽ ബാറുകൾ കൂടുതൽ സമയം തുറന്നിരിക്കണമെന്ന ആവശ്യമുയർത്തി സർക്കാർ രക്ഷപ്പെടാൻ പഴുതൊരുക്കും.

വർഷാ വർഷമുള്ള മദ്യനയത്തിന് പകരം അഞ്ച് വര്‍ഷത്തിലൊരിക്കൽ നയം പുതുക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്ന സർക്കാർ. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തന്നെ മദ്യ വിൽപ്പനയെ ആശ്രയിച്ചിരിക്കുന്ന സംസ്ഥാനത്ത് രണ്ട് മണിക്കൂർ നേരം അധികം ബാർ തുറന്നിരുന്നാൽ നേട്ടമേ വരൂ എന്നാവും എക്സൈസ് വിലയിരുത്തൽ. ബാറുടമകൾ ഓരോ തവണയും ആവശ്യമുന്നയിക്കും. സർക്കാർ നിരസിക്കും. 

ഈ മട്ട് തുടർന്ന സർക്കാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിടുക്കപ്പെട്ട് തീരുമാനമെടുത്തതിലാണ് ദുരൂഹത. പണപ്പിരിവാണോ ലക്ഷ്യമെന്ന് പ്രതിപക്ഷം ചോദിച്ച് തുടങ്ങി. വിനോദസഞ്ചാര മേഖലയെ ഉണർവിലേക്ക് നയിക്കാൻ ഇതാണ് മികച്ച വഴിയെന്ന് വിശദീകരണം. 

ബവ്കോ ഷോപ്പുകൾ അടച്ചാലും ബാറുകൾ കൂടുതൽ സമയം തുറന്നിരിക്കുന്നത് സാമ്പത്തിക ഭദ്രതയ്ക്ക് ഉണർവേകും. സർക്കാർ മദ്യവിൽപനയെ പ്രോൽസാഹിപ്പിക്കുന്നു എന്ന വിമർശനം ഉയർത്തുന്ന സംഘടനകളെ താത്വികമായ കാരണം നിരത്തി സർക്കാർ പ്രതിരോധിക്കും.

അതേസമയം, സംസ്ഥാനത്ത് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മദ്യമൊഴുക്കാനുള്ള ഉത്തരവ് സർക്കാർ പിൻവലിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സഭ. മദ്യത്തിൽ മുക്കിക്കൊല്ലാനാണ് ശ്രമം. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മദ്യക്കച്ചവടം പ്രോത്സാഹിപ്പിക്കുന്ന നിയമം കൊണ്ടുവരുന്നതിന്റെ ഇംഗിതം വ്യക്തമാണ്. ടൂറിസത്തിന്റെ  പേരിൽ മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടുന്നത് പഠനങ്ങൾ ഇല്ലാതെയാണെന്ന് ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.

ENGLISH SUMMARY:

The decision to extend bar operating hours was made without informing the Left Democratic Front (LDF), and the matter was not discussed in the Cabinet meeting either. The Excise Department issued the order based on the bar owners’ request to extend the operating hours.