ചൂരല്‍മല– മുണ്ടക്കൈ ഉരുള്‍ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന ആദ്യഘട്ട വീടുകളുടെ നിര്‍മാണം അവസാന ലാപ്പിലേക്ക്. പൂര്‍ത്തിയായ 178 വീടുകള്‍ ഈമാസം ഗുണഭോക്താക്കള്‍ക്ക് കൈമാറും. കിഫ്കോണിന്‍റെ മേല്‍നോട്ടത്തില്‍ അതിവേഗമാണ് നിര്‍മാണം പുരോഗമിക്കുന്നത്.
എല്ലാം നഷ്ടപ്പെട്ട് വാടകവീടുകളിലേക്ക് ഒതുങ്ങിപ്പോയവര്‍ക്ക് പ്രതീക്ഷയുടെ കരുത്ത് പകരുന്ന ടൗണ്‍ഷിപ്പ്. ആ കാത്തിരുപ്പ് സഫലമാകുകയാണ്. ആദ്യഘട്ടത്തില്‍ കൈമാറുന്ന 178 വീടുകളുടെ അവസാന മിനുക്കുപണികളാണ് കല്‍പ്പറ്റ ബൈപ്പാസില്‍ പുരോഗമിക്കുന്നത്. രണ്ടായിരത്തോളം തൊഴിലാളികള്‍ ഒരേസമയം നിര്‍മാണത്തിന്‍റെ ഭാഗമാകുന്നു. പദ്ധതി യാഥാര്‍ഥ്യമാകുന്നതിന്‍റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഗുണഭോക്താക്കള്‍. ഫേസ് ഒന്നിലേക്കുള്ള നറുക്കെടുപ്പ് വൈകാതെ നടക്കും.
ഏഴുസെന്‍റില്‍ ആയിരം സ്ക്വയര്‍ഫീറ്റ് വീടുകളാണ് ഒരുങ്ങുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമിയില്‍ ആകെ 410 വീടുകള്‍ ഉയരും. സോണ്‍ ഒന്നില്‍ 107ഉം സോണ്‍ മൂന്നില്‍ 23ഉം സോണ്‍ നാലില്‍ 48 വീടുകളും പൂര്‍ത്തിയായി.
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നു. കിഫ്ബിയുടെ ഭാഗമായ കിഫ്കോണാണ് കണ്‍സള്‍ട്ടന്‍സി ഏജന്‍സി. ഒരോ വീടിനും സോളാര്‍ പാനലുകള്‍ ഉണ്ടാകും. ഒരു ലക്ഷം ലിറ്റര്‍ ശേഷിയുള്ള കുടിവെള്ളസംഭരണിയുടെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്. ഭൂഗര്‍ഭ വൈദ്യുതി ശൃംഘല സംവിധാനമാണ് ടൗണ്‍ഷിപ്പില്‍ ഉണ്ടാകുക. ടൗണ്‍ഷിപ്പിലേക്കുള്ള മൂന്ന് പ്രധാന റോഡുകള്‍ ഉള്‍പ്പെടെ 11.42 കിലോമീറ്റര്‍ പാതയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്.