ഇടുക്കി തൊടുപുഴയിൽ കുഴിയിൽ വീണ് യുവാവ് മരിച്ചതിൽ മുൻസിപ്പാലിറ്റിയെ പഴിചാരി പൊതുമരാമത്ത് വകുപ്പ്. കുഴിയുടെ സ്ലാബുകൾ എടുത്ത് മാറ്റിയത് മുൻസിപ്പാലിറ്റിയെന്ന് റിപ്പോർട്ട്. വെള്ളക്കെട്ട് ഒഴിവാക്കാൻ നീക്കം ചെയ്ത സ്ലാബുകൾ നഗരസഭ പുനസ്ഥാപിച്ചില്ലെന്ന റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
തൊടുപുഴ മങ്ങാട്ടുകവലയിൽ റോഡരികിലെ കുഴിയിൽ വീണാണ് 27 കാരൻ ജെയിസ് ബെന്നി മരിച്ചത്. നിരവധി അപകടങ്ങളുണ്ടായിട്ടും കുഴിമൂടാതെ PWD കാട്ടിയത് ഗുരുതര അനാസ്ഥ. എന്നാൽ വകുപ്പ് മന്ത്രിക്ക് PWD നൽകിയ റിപ്പോർട്ടിൽ വീഴ്ച പറ്റിയത് തൊടുപുഴ മുൻസിപ്പാലിറ്റിക്കാണെന്നാണ് വിശദീകരണം. മഴക്കാല ശുചീകരണത്തിനായി സ്ലാബുകൾ മാറ്റിയപ്പോൾ കേടുപാടുകൾ പറ്റി. ഇത് മാറ്റി സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടും മുൻസിപ്പാലിറ്റി അവഗണിച്ചെന്നുമാണ് റിപ്പോർട്ട്. വീഴ്ച മറയ്ക്കാനുള്ള ശ്രമമാണ് PWD നടത്തുന്നതെന്നാണ് നഗരസഭയുടെ വിശദീകരണം
അപകടം നടന്ന ഭാഗത്തെക്കുറിച്ച് ഇതുവരെ പരാതികൾ ലഭിച്ചിട്ടില്ലെന്ന് PWD അറിയിച്ചു. റിപ്പോർട്ട് നൽകിയതിന് പിന്നാലെ കുഴി മൂടാനുള്ള നടപടികൾ തുടങ്ങി.