സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം രണ്ടു മണിക്കൂർ കൂടി വർധിപ്പിച്ചു. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയായിരുന്ന സമയം, ഇനിമുതൽ രാവിലെ 10 മുതൽ രാത്രി 12 വരെയായിരിക്കും. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വിനോദസഞ്ചാര പരിപാടികളുടെ ഭാഗമായി അഞ്ചു ലക്ഷം രൂപ അധിക വാർഷിക ഫീസ് അടച്ചാൽ പുലർച്ചെ മൂന്നു മണി വരെ പ്രവർത്തിക്കാൻ അനുമതിയുണ്ടാകും.

സർക്കാരിനെ സംബന്ധിച്ചിടത്തോളം നിർണായകമായ ഉത്തരവാണ് പുറത്തിറങ്ങിയിരിക്കുന്നത്. ബാറുടമകളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഈ നടപടിയെന്ന് സർക്കാർ വിശദീകരിക്കുന്നു. ഇതനുസരിച്ച് ബാറുകൾ തുറക്കുന്ന സമയം രാവിലെ 11-ൽനിന്ന് 10-ലേക്ക് മാറ്റി. രാത്രി 11-ന് അവസാനിച്ചിരുന്ന പ്രവർത്തനസമയം ഒരു മണിക്കൂർ കൂടി നീട്ടി 12 മണിയാക്കി. ഫലത്തിൽ രാവിലെയും രാത്രിയും ഓരോ മണിക്കൂർ വീതം അധികസമയം ഉപഭോക്താക്കൾക്ക് ലഭിക്കും.

പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വാർഷിക ലൈസൻസ് ഫീസിനത്തിൽ അഞ്ചു ലക്ഷം രൂപ അധികം നൽകിയാൽ പുലർച്ചെ മൂന്നു മണി വരെ പ്രവർത്തിക്കാം. എന്നാൽ വിനോദസഞ്ചാര പരിപാടികൾ സംഘടിപ്പിക്കുന്ന സമയത്ത് മാത്രമായിരിക്കും ഈ ഇളവെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

എക്സൈസ് വകുപ്പിന്റെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. വിനോദസഞ്ചാര മേഖലയ്ക്ക് ഗുണകരമാകുന്ന തീരുമാനമാണിതെന്നാണ് സർക്കാരിന്റെ നിലപാട്. ബാറുകളുടെ പ്രവർത്തനസമയം വർധിപ്പിക്കണമെന്നത് ഉടമകളുടെ ദീർഘകാല ആവശ്യമായിരുന്നു. പുതിയ മദ്യനയത്തിലെ ശുപാർശകൾ വിശദമായ ചർച്ചകൾക്ക് ശേഷമാണ് നടപ്പാക്കുന്നതെന്ന് എക്സൈസ് മന്ത്രി പ്രതികരിച്ചു.

ENGLISH SUMMARY:

Extended bar timings in Kerala are set to be implemented, moving from the current 11 AM to 11 PM to 10 AM to 12 AM. This decision, based on excise recommendations and aimed at boosting tourism, is expected to bring significant changes to the state's hospitality sector.