വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രണ്ടുപേർ മരിച്ചു. നിലമേൽ സ്വദേശി ഷാജി, ഭാര്യാ മാതാവ് റാഷിദ ബീവി എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജിമോൾ ഗുരുതരാവസ്ഥയിൽ പാരിപ്പള്ളി ആശുപത്രിയിൽ ചികിൽസയിലാണ്. പൊലീസ് പൂട്ടിച്ച വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഭക്ഷണ സാംപിൾ ശേഖരിക്കും.
ഇന്നലെ വൈകിട്ടാണ് വിഴിഞ്ഞത്തെ അസ്മാര്‍ക്ക് ഹോട്ടലിൽ നിന്നും ബന്ധുക്കളായ ആറംഗ സംഘം മീൻ വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണം കഴിച്ചത്. വീട്ടിലേക്ക് മടങ്ങും വഴി മൂവർക്കും അസ്വസ്ഥത അനുഭവപ്പെട്ടു. മൂവരെയും ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മീൻമുട്ട ഉൾപ്പെടെയുള്ള മൽസ്യ വിഭവങ്ങൾ കഴിച്ചുവെന്നാണ് ഷാജിക്കൊപ്പമുണ്ടായിരുന്നവരുടെ മൊഴി.
രാത്രി വൈകിയും പ്രവർത്തിക്കുന്ന നിരവധി ഹോട്ടലുകളുള്ള സ്ഥലമാണ് വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളിക്ക് സമീപത്തെ ഇടം. ഭക്ഷണം കഴിച്ചതായിപ്പറയുന്ന ഹോട്ടൽ വിഴിഞ്ഞം പൊലീസെത്തി പൂട്ടിച്ചു. ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മരണ കാരണം പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നാണ് ആരോഗ്യ വിഭാഗം അറിയിച്ചിട്ടുള്ളത്.
പൊലീസിന്റെ സാന്നിധ്യത്തിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഭക്ഷണ പദാർഥങ്ങളുടെ സാംപിൾ ശേഖരിക്കും. ഭക്ഷ്യ വിഷബാധയെന്ന സൂചനയ്ക്ക് പിന്നാലെ വിഴിഞ്ഞത്തെ ഹോട്ടലുകളിലെ രേഖകൾ പൊലീസും ആരോഗ്യ വിഭാഗവും പരിശോധിച്ച് തുടങ്ങി. മരണം കാരണം വ്യക്തമാകാൻ ഭക്ഷണ സാംപിൾ പരിശോധനയ്ക്കൊപ്പം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും നിർണായകമാണ്.