കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് വിവാദം ഈ തിരഞ്ഞെടുപ്പ് കാലത്ത് ഒരു രാഷ്ട്രീയ വിഷയമായി കത്തിച്ചു നിർത്താനാണ് യുഡിഎഫിൻ്റെ പരിശ്രമം. എന്നാൽ വിവാദം അനാവശ്യമെന്ന് പറഞ്ഞ് തള്ളിയ സിപിഎം രക്തസാക്ഷി ഫണ്ട് സംബന്ധിച്ച കണക്കുകൾ പാർട്ടി തലത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടിയതാണെന്നും വ്യക്തമാക്കിയിരുന്നു.

രക്തസാക്ഷി ഫണ്ട് വിവാദമാക്കി വളർത്തിയ മുൻ ഏരിയാ സെക്രട്ടറി കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ എതിരാളികളുടെ കോടാലിക്കയ്യായെന്നും സിപിഎം നേതൃത്വം വിമർശിക്കുന്നു. ഈ സാഹചര്യത്തിലാണ് രക്തസാക്ഷി ഫണ്ട് ആരോപണങ്ങൾ വിശ്വസനീയമോ എന്ന ചോദ്യം മനോരമ ന്യൂസ് ഇലക്ഷൻ പൾസ് സർവേയിൽ ചോദിച്ചത്. 

ആരോപണങ്ങൾ വിശ്വസനീയം എന്നാണ് 52.9 % പേർ പ്രതികരിച്ചത്. വിശ്വസനീയമല്ലെന്ന് 26.2 ശതമാനം പേർ അഭിപ്രായപ്പെട്ടു. 20.8 ശതമാനം പേർക്ക് അഭിപ്രായം ഉണ്ടായിരുന്നില്ല.

തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ യു.ഡി.എഫിൻ്റെ ജമാ അത്തെ ഇസ്ലാമി ബന്ധത്തെ വർഗീയ കൂട്ടുകെട്ടെന്ന് വ്യാഖ്യാനിച്ച് സജീവമാക്കുകയാണ് ഇടതുപക്ഷം. ബന്ധം തള്ളാത്ത യുഡിഎഫ് മുൻകാലങ്ങളിൽ ഇടതുപക്ഷവും ജമാ അത്തെ ഇസ്ലാമിയുമായി യോജിച്ച് തിരഞ്ഞെടുപ്പുകളെ നേരിട്ടിട്ടുണ്ടെന്ന മറുവാദമാണ് ഉയർത്തുന്നത്. 

ജമാ അത്തെ ബന്ധം യുഡിഎഫിന് ഗുണകരമോ എന്ന ചോദ്യമാണ് മനോരമ ന്യൂസ് ഇലക്ഷൻ പൾസ് സർവേയിൽ ഉന്നയിച്ചത്. സർവേയിൽ പങ്കെടുത്ത 42.2 ശതമാനം പേർ ഗുണകരമല്ല എന്ന അഭിപ്രായം രേഖപ്പെടുത്തി. ഗുണകരമാണെന്ന് 35.4 ശതമാനം പേർ അഭിപ്രായപ്പെട്ടു. 22.3 ശതമാനം പേർക്ക് ഇക്കാര്യത്തിൽ അഭിപ്രായം ഉണ്ടായിരുന്നില്ല.

ENGLISH SUMMARY:

The latest Manorama News Election Pulse Survey reveals significant public concern over the CPM Martyr Fund controversy in Kannur, with 52.9% of respondents finding the allegations believable. The survey also addressed the UDF's alliance with Jamaat-e-Islami, where 42.2% opined that the tie-up would not benefit the front. While the LDF dismisses the fund row as a smear campaign, the UDF is using it as a major campaign tool for the 2026 assembly elections. On the other hand, the LDF's criticism of the UDF-Jamaat link is countered by the UDF highlighting past associations. The survey results indicate a divided public opinion on these high-stakes political issues. Stay updated on the evolving political landscape and voter sentiments in Kerala as the election fever peaks.