രാജ്യത്ത് പണപ്പെരുപ്പം തിരികെ കയറുകയാണ്.  പഴയ സീരീസ് പ്രകാരം ഡിസംബറിലെ പണപ്പെരുപ്പം 1.33 ശതമാനമായിരുന്നു. ഇത് 2.75 ശതമാനത്തിലേക്ക് എത്തി. രാജ്യത്ത് ഏറ്റവും കൂടുതല്‍ പണപ്പെരുപ്പമുള്ള സംസ്ഥാനം കേരളമെന്നായിരുന്നു കഴിഞ്ഞ മാസം വരെയുള്ള കണക്ക്. ജനുവരിയിലെ കണക്ക് പ്രകാരം കേരളം രണ്ടാം സ്ഥാനത്താണ്. ശരിക്കും കേരളത്തിലെ വിലക്കയറ്റം കുറയുന്നുണ്ടോ? സംസ്ഥാനത്തെ വോട്ടര്‍മാരോട് മനോരമന്യൂസ് ഇതേ ചോദ്യം ഉന്നയിച്ചു. കഴിഞ്ഞമാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വിലക്കയറ്റം എങ്ങനെ എന്നായിരുന്നു ചോദ്യം.

ഫെബ്രുവരി ആദ്യ വാരം കേരളത്തില്‍  വിലകയറ്റം ഉണ്ടെന്ന് പറയുന്നവരുടെ എണ്ണം 69.8 % ആയിരുന്നു. കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വിലക്കയറ്റം എങ്ങനെ എന്ന ചോദ്യത്തിന് വിലകയറ്റം ഉണ്ടെന്ന് മറുപടി പറഞ്ഞത് 68.2 %. വിലയില്‍ മാറ്റമില്ല െന്ന് അഭിപ്രായപ്പെട്ടത് 18.6 %. വില കുറയുന്നതായി അനുഭവപ്പെട്ടത് 7.1 % പേര്‍ക്കാണ്. 6.1 % അഭിപ്രായം രേഖപ്പെടുത്തിയില്ല. വിലക്കയറ്റമുണ്ടെന്ന് ഫെബ്രുവരി ആദ്യ വാരം 69.8 % പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഫെബ്രുവരി രണ്ടാം വാരം 68.2 ശതമാനമായി കുറഞ്ഞു. നിയമസഭാതിര‍ഞ്ഞെടുപ്പിന് മുന്നോടിയായി മനോരമ ന്യൂസ് ആരംഭിച്ച വീക്‌ലി സര്‍വേ, ‘ഇലക്ഷന്‍ പള്‍സി’ലാണ് വിലക്കയറ്റത്തെക്കുറിച്ച് വോട്ടിങ് നടന്നത്.

സംസ്ഥാനത്തെ ഏറ്റവും ഗുരുതരമായ പ്രശ്നം എന്തെന്ന ചോദ്യത്തില്‍ ഇത്തവണ മുന്നിട്ട് നില്‍ക്കുന്നത് അഴിമിതിയാണ്. 31.3 ശതമാനം പേര്‍ അഴിമതിയാണ് ഗുരുതരമായ പ്രശ്നം എന്ന് അഭിപ്രായപ്പെട്ടു. ഫെബ്രുവരി ആദ്യ വാരം 25.4 % പേരാണ് ഈ അഭിപ്രായത്തെ പിന്തുണച്ചിരുന്നത്. കഴിഞ്ഞാഴ്ച മുന്നിട്ടു നിന്ന തൊഴിലില്ലായ്മ പ്രശ്നമാണ് ഇത്തവണ രണ്ടാമത്.  24.9 % പേര്‍ തൊഴിലില്ലായ്മയാണ് ഗുരുതരമായ പ്രശ്നം എന്ന് അഭിപ്രായപ്പെട്ടു. ഫെബ്രുവരി ആദ്യ വാരം 27.6 % ശതമാനം പേരാണ് ഈ അഭിപ്രായം മുന്നോട്ടു വച്ചത്. 

കേരളത്തെ ഏറ്റവും ഗുരുതരമായ പ്രശ്നമാണ് വിലക്കയറ്റം എന്ന് അഭിപ്രായപ്പെടുന്നവര്‍ 18.2 ശതമാനമാണ്. ഫെബ്രുവരി ആദ്യ വാരം 23.5 % ശതമാനം പേര്‍ വിലകയറ്റം ഗുരുതര പ്രശ്നമാണെന്ന് പറഞ്ഞിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമം 4.8 %,  വര്‍ഗീയത 4.8 %, വികസന മുരടിപ്പ്  5.5 % എന്നിങ്ങനെയാണ് രണ്ടാം ആഴ്ചയിലെ അഭിപ്രായങ്ങള്‍. സര്‍വേയില്‍ പങ്കെടുത്ത 10.6 ശതമാനം അഭിപ്രായം രേഖപ്പെടുത്തിയില്ല.

ENGLISH SUMMARY:

Inflation in India is on the rise, with a noticeable increase in the consumer price index. Recent surveys in Kerala indicate a slight decrease in the perception of price rise among voters, though it remains a significant concern.