തിരുവനന്തപുരത്ത് മാളില്‍ വെച്ച് പൊലീസുകാരനെ എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ എസ്.എഫ്.ഐക്കാര്‍ക്കെതിരെ ജാമ്യം കിട്ടുന്ന വകുപ്പ് ചുമത്തിയപ്പോള്‍ പൊലീസുകാരന്‍ മിഥുന്‍ റോയിക്കെതിരെ ചുമത്തിയത് ജാമ്യമില്ലാത്ത ഗുരുതര വകുപ്പ്. സംഭവം വിവാദമായതിന് പിന്നാലെ തിരുവനന്തപുരം കമ്മീഷണര്‍ എസിപിയോട് റിപ്പോര്‍ട്ട് തേടി. ജാമ്യമില്ലാക്കുറ്റം ചുമത്തിയതിന്‍റെ കാരണം വ്യക്തമാക്കണമെന്ന് നിര്‍ദേശിച്ചു. പ്രതിഷേധം വ്യാപകമായതോടെയാണ് നടപടി. പൊലീസിനെ അനാവശ്യമായി ഉപദ്രവിച്ചാല്‍ നടപടിയെന്നും പൊലീസുകാര്‍ക്ക് സുരക്ഷയൊരുക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധവുമായി പൊലീസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. സംഭവം ജനാധിപത്യ കേരളത്തിന് അപമാനമെന്ന് അസോസിയേഷന്‍ പ്രതികരിച്ചു. എസ്.എഫ്.ഐ നടപടി അരാജകത്വം സൃഷ്ടിക്കാനെന്ന് ജനറല്‍ സെക്രട്ടറി സുധീര്‍ ഖാന്‍ പ്രതികരിച്ചു. പൊലീസുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സുധീര്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ പുതുവല്‍സര ആഘോഷത്തിനിടയിൽ ശംഖുമുഖത്ത് വെച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മിഥുൻ റോയി മർദ്ദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മാളിലെ സംഘർഷത്തിൽ കലാശിച്ചത്. തിരുവനന്തപുരത്തെ മാളിലായിരുന്നു സംഭവം. നാട്ടുകാര്‍ നോക്കിനില്‍ക്കെ, ഒട്ടേറെപ്പേര്‍ വരുന്ന മാളിലിട്ട് എ.ആര്‍ ക്യാംപിലെ സി.പി.ഒ മിഥുന്‍ റോയിയെ എസ്.എഫ്.ഐക്കാര്‍ അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തം. മിഥുന്റെ പരാതിയിൽ ഡിവൈഎഫ്ഐ ക്കാരായ രേവന്ത്, സജിത്ത് എന്നിവരടക്കം നാലുപേർക്കെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു.
എന്നാൽ തനിക്കെതിരെ കമ്മീഷണർക്ക് നൽകിയ പരാതി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് മിഥുനാണ് മർദ്ദിച്ചതെന്ന് എസ്എഫ്ഐക്കാരും പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പേട്ട പൊലീസ് മിഥുനെതിരെയും കേസെടുത്തു. അടികിട്ടിയ മിഥുനും കൂടെയുണ്ടായിരുന്ന യുവതിക്കുമെതിരെ ആയുധംകൊണ്ട് ആക്രമിച്ചൂവെന്ന ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അടിക്കുന്നതായി ദൃശ്യങ്ങളില്‍ കാണുന്ന എസ്.എഫ്.ഐക്കാര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത്. മാത്രമല്ല, എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്യാനും തയാറായിരുന്നില്ല.
പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് സത്യം തിരിച്ചറിയാന്‍ പറ്റുന്നില്ലെന്നും മാളിലെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ച ശേഷം തുടര്‍നടപടിയെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. സി.പി.എം ജില്ലാ നേതൃത്വം സംഭവത്തില്‍ ഇടപെട്ടെന്നും ഇതോടെയാണ് അടികൊണ്ട പൊലീസുകാരനെ കൈവിട്ട് എസ്.എഫ്.ഐക്കാരെ സംരക്ഷിക്കാന്‍ പൊലീസ് തീരുമാനിച്ചതെന്നാണ് ആക്ഷേപം.