നാലു കുരുന്നുകൾക്ക് പുതുജീവനേകി കടന്നുപോയ ആലിന് യാത്രാമൊഴിയേകി നാട്. പത്തനംതിട്ട നെടുങ്ങാടപ്പള്ളിയിലെ സിഎസ്ഐ പള്ളിയിലായിരുന്നു സംസ്കാരം. കേന്ദ്രമന്ത്രി സുരേഷ്ഗോപിയും മന്ത്രിമാരായ വീണാജോര്‍ജും വി.എന്‍. വാസവനും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ കുഞ്ഞിന് അന്തിമോപചാരമര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മുഖ്യമന്ത്രി നാളെ ആലിന്റെ വീട് സന്ദർശിക്കും.
കുഞ്ഞ് വേർപിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണെന്നും അവയവദാന രംഗത്ത് കേരളസമൂഹത്തിന് മുന്നിലായി വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിൻ ഷെറിന്റെ മാതാപിതാക്കളെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: ‘അവള്‍ ഇനിയും ജീവിക്കും, കോടിക്കണക്കിന് ഹൃദയങ്ങളിൽ’: മോഹന്‍ലാല്‍
ആലിന്റെ വൃക്ക ഏറ്റുവാങ്ങിയ 10 വയസുകാരി ശ്രേയയുടെ മുത്തച്ഛൻ ചന്ദ്രനും അന്തിമോപചാരം അർപ്പിക്കാനെത്തി. മാതാപിതാക്കളെയും മുത്തച്ഛനെയും കണ്ട് ആശ്വസിപ്പിച്ചു. സുരേഷ് ഗോപിയും ആലിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. പ്രധാനമന്ത്രിക്കുവേണ്ടികൂടിയാണ് വന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. എത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.
പത്തനംതിട്ട നെടുങ്ങാട പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് രാവിലെ എട്ടുമണിയോടെ മൃതദേഹം മല്ലപ്പള്ളിയിലെ വീട്ടിലെത്തിച്ചു. ആദ്യം ആശുപത്രിയിലും പിന്നീട് വീട്ടിലും നടന്ന പൊതുദർശനത്തിൽ നൂറുകണക്കിന് പേരാണ് ആലിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. കരഞ്ഞു തളർന്ന ആലിന്റെ അച്ഛൻ അരുൺ എബ്രഹാമിനെയും അമ്മ ഷെറിൻ ആൻ ജോണിനേയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കും ആയില്ല.
കഴിഞ്ഞ അഞ്ചാം തീയതി ചിങ്ങവനത്തെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലിന് വെള്ളിയാഴ്ചയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. ഹൃദയം നുറുങ്ങുന്ന വേദനയിലും പൊന്നോമനയുടെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തയ്യാറാകുകയായിരുന്നു. ആറുമാസം പ്രായമുള്ള ധ്രിയ, ആലിന്റെ കരൾ സ്വീകരിച്ചപ്പോൾ 10 വയസ്സുള്ള ശ്രേയയാണ് വൃക്കകൾ സ്വീകരിച്ചത്. സർക്കാരിന് വേണ്ടി മന്ത്രി വി എൻ വാസവൻ അന്തിമോപചാരം അർപ്പിച്ചു.
ആലിന്‍ ഷെറിന്‍ ഏബ്രഹാമിന്റെ വൃക്കകളും കരളും വിജയകരമായി മാറ്റിവച്ചു. വൃക്കകൾ ശ്രേയ എന്ന പത്തുവയസുകാരിക്കും കരൾ ആറുമാസം പ്രായമുള്ള ധ്രിയ എന്ന കുഞ്ഞിനുമാണ് മാറ്റിവച്ചത്. സംസ്ഥാനത്തു കരൾ സ്വീകരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് ധ്രിയ. കുഞ്ഞുങ്ങളുടെ വൃക്കയ്ക്കു വലുപ്പം കുറവായതിനാലാണ് ആലിന്റെ ഇരുവൃക്കകളും ശ്രേയയ്ക്ക് നൽകിയത്. നേത്രപടലങ്ങൾ അമൃത ആശുപത്രിയിലെ നേത്ര ബാങ്കിനും ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനും കൈമാറി. ഹൃദയ വാൽവ് സ്വീകരിക്കുന്നയാളിനെ പിന്നീടു മാത്രമേ തീരുമാനിക്കൂ.