സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് പേരിട്ടാൽ പൊതുജനങ്ങൾക്ക് സമ്മാനമെന്ന പ്രഖ്യാപനത്തിൽ ഹൈക്കോടതിയിൽ കള്ളം പറഞ്ഞ് മുഖം രക്ഷിക്കാൻ ബവ്കോ. അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്ന ബവ്കോയുടെ നിലപാട്, നടപടി ഭയന്നുള്ള മലക്കം മറിച്ചിലാണ്. ബ്രാൻഡിക്ക് പേരും ലോഗോയും നിർദേശിക്കുന്നവർക്ക് പതിനായിരം രൂപ സമ്മാനമെന്ന് അറിയിച്ച് ഡിസംബർ മുപ്പതിനാണ് ബവ്കോ മാനേജിങ് ഡയറക്ടർ ഉത്തരവിറക്കിയത്. 

പേരിടാൻ നാട്ടാരെ ക്ഷണിച്ച് കുടുങ്ങി. ഹൈക്കോടതി വടി എടുത്തപ്പോൾ ഞങ്ങൾ ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ബവ്കോയുടെ ശ്രമം. പുതുവൽസരത്തിന് രണ്ട് ദിവസം മുൻപാണ് സമ്മാനം നേടാനുള്ള സുവർണാവസരമെന്ന മട്ടിൽ ബവ്കോയുടെ പരസ്യം വന്നത്. മേനോൻപാറയിലെ മലബാർ പ്ലാന്‍റിൽ നിന്നും സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും നിർദേശിക്കാം. അനുയോജ്യമായ നിർദേശങ്ങൾക്ക് പതിനായിരം രൂപ പാരിതോഷികം. മാനേജിങ് ഡയറക്ടറുടെ പേരിലിറങ്ങിയ നിർദേശത്തിന് പിന്നാലെ പേരിന്‍റെ പെരുമഴയായിരുന്നു. 

ക്യാപ്റ്റൻ, ഇരട്ടച്ചങ്കൻ, സഖാവ്, പോറ്റിയേ കേറ്റിയേ, മലബാർ മിസ്റ്റ്, അങ്ങനെ നാൽപ്പതിനായിരത്തിലേറെ പേര് വന്നു. സർക്കാർ മദ്യപാനത്തെ പ്രോൽസാഹിപ്പിക്കുന്നതായും നിയമവിരുദ്ധമെന്നും കാട്ടി ഹൈക്കോടതിയിൽ ഹർജിയെത്തി. ഉടൻ ബവ്കോ യു ടേൺ എടുത്തു. ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ പുതിയ ബ്രാൻഡിയുടെ പേര് രഹസ്യമായിരിക്കും. രഹസ്യം പരസ്യമാക്കാൻ കഴിയുമെന്ന വിശ്വാസത്തിൽ ഈ മാസം ഇരുപത്തിഒന്നിന് മേനോൻ പാറയിലെ മദ്യ നിർമാണ പ്ലാന്‍റിന്‍റെ ഉദ്ഘാടനവും നിശ്ചയിച്ചു. ഒടുവിൽ സംഗതി പന്തികേടെന്ന് കണ്ട് ഞങ്ങൾക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് ബവ്കോ കൈ ഒഴിഞ്ഞു. 

ENGLISH SUMMARY:

The Kerala State Beverages Corporation is facing legal heat over its contest to name a new government-manufactured brandy. Despite an official order offering a ₹10,000 prize for name and logo suggestions, BEVCO claimed in the High Court that no such decision was made. Following thousands of creative entries like 'Captain' and 'Sakhavu', the corporation's sudden U-turn aims to avoid judicial intervention regarding the promotion of alcohol consumption.