പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ ദാനം ചെയ്ത അവയവങ്ങളുമായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് തിരുവനന്തപുരത്തെത്തി. ആലിൻ ദാനം ചെയ്യുന്ന ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും, കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലും, കിഡ്നി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കുമാണ് എത്തിച്ചത്. കുട്ടിയുടെ കണ്ണുകൾ നേത്ര ബാങ്കിന് കൈമാറി. അവയവങ്ങളുമായുള്ള അബുലൻസ് രാത്രി 7.12നാണ് കൊച്ചിയിൽ നിന്ന് തിരിച്ചത്. കോട്ടയം വഴിയായിരുന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര. KL 07 DF 3177 എന്ന നമ്പരിലുള്ള ആംബുലൻസിലായിരുന്നു യാത്ര. വൈകിട്ട് അഞ്ചു മണിക്കു ശേഷം ഹെലികോപ്ടര്‍ പറത്തുന്നതില്‍ സാങ്കേതിക പ്രശ്‌നമുള്ളതിനാലാണ് റോഡ് മാര്‍ഗം അവയവം എത്തിക്കാൻ തീരുമാനിച്ചത്.
വിടപറയും മുൻപേ നാലുപേർക്കുപുതുജീവൻ പകർന്ന പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി . എറണാകുളം അമൃത ആശുപത്രിയിലെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമാണ് കോട്ടയത്തേക്ക് കൊണ്ടുപോയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കൊച്ചിയിൽ നിന്ന് കോട്ടയത്തേക്കുള്ള യാത്രയിൽ ബന്ധുക്കൾ മൃതദേഹത്തെ അനുഗമിച്ചു. ഫെബ്രുവരി 5നുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലിൻ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
ഫെബ്രുവരി അഞ്ചിന് കോട്ടയത്തു നിന്ന് തിരുവല്ലയിലേക്ക് പോകുന്ന വഴി കുട്ടിയും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആദ്യം ചങ്ങനാശേരിയിലേയും പിന്നീട് തിരുവല്ലയിലേയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയെ പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിച്ചു.
എട്ടു ദിവസമായി കുട്ടി വെന്റിലേറ്ററിൽ ആയിരുന്നുവെന്ന് സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സിയായ കെ സോട്ടോയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് പറഞ്ഞു. മാതാപിതാക്കൾ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള ആഗ്രഹം ഡോക്ടര്‍മാരെ അറിയിച്ചതോടെ സര്‍ട്ടിഫിക്കേഷന്‍ നടപടി ക്രമങ്ങളിലേക്കു കടന്നു. ഒരു വയസില്‍ താഴെയുള്ള കുട്ടികളുടെ ബ്രെയിന്‍ സ്‌റ്റെം ഡെത്ത് സര്‍ട്ടിഫൈ ചെയ്യുമ്പോള്‍ രണ്ടു ടെസ്റ്റുകള്‍ തമ്മില്‍ 24 മണിക്കൂര്‍ വ്യത്യാസം വേണം. ഇന്നലെ രാവിലെയായിരുന്നു ആദ്യ ടെസ്റ്റ്. ഇന്നു രാവിലെ രണ്ടാമത്തെ ടെസ്റ്റും കഴിഞ്ഞു. ഈ രണ്ടു ടെസ്റ്റും കഴിഞ്ഞാണ് അവയവ സ്വീകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നത്.
അന്വേഷിച്ചപ്പോള്‍ തിരുവനന്തപുരത്ത് ആറു മാസം പ്രായമുള്ള കുട്ടി കരള്‍ മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്ന വിവരം അറിഞ്ഞു. എസ്എടി ആശുപത്രിയില്‍ കഴിഞ്ഞ ആറു മാസമായി ഡയാലിസിസ് നടത്തുന്ന കുട്ടികളുടെ വിവരങ്ങളും ലഭിച്ചു. ആലിനിന്റെ വൃക്കകള്‍ 5 സെന്റീമീറ്റര്‍ മാത്രം വലുപ്പമുള്ളതായതിനാല്‍ രണ്ടു വൃക്കകളും ഒരു കുട്ടിക്കു നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.