കേന്ദ്രസർക്കാറിന്റെ തൊഴിൽ കോഡുകൾക്കെതിരെ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. കേരളത്തിൽ കെഎസ്ആർടിസി, സ്വകാര്യ ബസ്, ഓട്ടോ- ടാക്സി തൊഴിലാളികൾ ഉൾപ്പെടെ സമരത്തിൽ പങ്കെടുക്കുന്നതിനാൽ പൊതുഗതാഗതം സ്തംഭിക്കും. കട കമ്പോളങ്ങൾ അടഞ്ഞു കിടക്കും. സർക്കാർ ജീവനക്കാരുടെ ഇടത് യൂണിയനുകൾ സമരത്തിൽ പങ്കാളികളാകും. അതിനാൽ സർക്കാർ ഓഫിസുകളുടെ പ്രവർത്തനം തടസപ്പെടും. കലാലയങ്ങളും അടഞ്ഞുകിടക്കും. അതേസമയം, അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല,മാരാമണ്‍ തീര്‍ഥാടകരെയും ഒഴിവാക്കി. വാഹനങ്ങള്‍ തടയില്ലെന്നും സംയുക്ത ട്രേഡ് യൂണിയന്‍ സമിതി വ്യക്തമാക്കി.കേരള, എംജി,കാലിക്കറ്റ് സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും കോൺഗ്രസ് അനുകൂല സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കില്ല. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. മതിയായ കാരണങ്ങളില്ലാതെ ജോലിക്ക് എത്താത്തവരുടെ ഇന്നത്തെ ശമ്പളം സർക്കാർ പിടിക്കും. ബാങ്കിങ് മേഖലയിലെ മൂന്നു പ്രമുഖ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ബാങ്കുകളുടെ പ്രവർത്തനവും തടസപ്പെടും. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ ട്രേഡ് യൂണിയൻ സംഘടനകൾ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തും. പണിമുടക്ക് കണക്കിലെടുത്ത് ഇടതുമുന്നണിയുടെ മേഖലാജാഥകൾക്ക് ഇന്ന് അവധിയാണ്. പ്രതിപക്ഷ നേതാവ് നയിക്കുന്ന ' പുതുയുഗ' യാത്രയ്ക്ക് മുടക്കമില്ല.
ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുകയ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള 10 ട്രേഡ് യൂണിയനുകളാണ് പണിമുടക്കുന്നത്. കോണ്‍ഗ്രസ്, സിപിഎം,സിപിഐ ഉള്‍പ്പടെയുള്ള കക്ഷികള്‍ പന്തുണ അറിയിച്ചിട്ടുണ്ട്.