കോട്ടയത്ത് പുതുതായി തുടങ്ങിയ കല്ലറ പൊലീസ് സ്റ്റേഷനിൽ ഒരു പെറ്റി കേസുപോലും സ്വീകരിക്കാനാകാതെ ഉദ്യോഗസ്ഥർ പ്രതിസന്ധിയിൽ. സ്റ്റേഷൻ ഏത് കോടതിയുടെ പരിധിയിൽ വരുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.
കഴിഞ്ഞ മാസം 24-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സ്റ്റേഷന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചത്. ഉദ്യോഗസ്ഥർ ചുമതലയേറ്റ് ജോലി ആരംഭിച്ചെങ്കിലും, പ്രതികളെ കോടതിയിൽ ഹാജരാക്കാനോ റിപ്പോർട്ടുകൾ സമർപ്പിക്കാനോ നിലവിൽ സാധിക്കുന്നില്ല. ആഭ്യന്തര വകുപ്പിന്റെ നടപടികൾ പൂർത്തിയാക്കി ഹൈക്കോടതിയിൽ നിന്നുള്ള ഉത്തരവിനായി കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥർ. കല്ലറ സ്റ്റേഷൻ വൈക്കം കോടതിയുടെ പരിധിയിലാണ് വരേണ്ടതെന്നാണ് അഭിഭാഷകരുടെ പക്ഷം.
ഇത്തരം സാങ്കേതിക തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പട്രോളിങ്ങും പരാതി പരിഹാര പ്രവർത്തനങ്ങളുമായി ഉദ്യോഗസ്ഥർ സ്റ്റേഷനിൽ സജീവമാണ്. കല്ലറ, വെച്ചൂർ പഞ്ചായത്തുകളും കടുത്തുരുത്തി, മാഞ്ഞൂർ പഞ്ചായത്തുകളുടെ ചില ഭാഗങ്ങളുമാണ് ഈ പുതിയ സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്നത്.