ആഗോള അയ്യപ്പ സംഗമത്തിന് വാഗ്ദാനം ചെയ്തിരുന്ന തുക നൽകാതെ സ്പോൺസർമാർ പിന്മാറിയതിന് പിന്നിൽ ശബരിമല സ്വർണക്കൊള്ള വിവാദമെന്ന വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വിവിധ സ്ഥാപനങ്ങളും വ്യക്തികളും വാഗ്ദാനം ചെയ്തിരുന്ന പന്ത്രണ്ട് കോടി രൂപ സ്വർണക്കൊള്ള വിവാദം വന്നതിന്  പിന്നാലെ നൽകാൻ പലരും വിസമ്മതിച്ചുവെന്നാണ് വാദം. കൊടുത്ത പണത്തിന് പോലും മതിയായ രേഖകൾ ഹൈക്കോടതിയിൽ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മുഖം രക്ഷിക്കാനുള്ള ബോർഡിന്റെ വിശദീകരണം. 

അയ്യപ്പ സംഗമത്തിന് മുന്നോടിയായി ആരും പണം നൽകിയിരുന്നില്ലെന്നാണ് ദേവസ്വം ബോർഡിന്റെ ഔദ്യോഗിക രേഖയിലുള്ളത്. കർണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, എന്നിവിടങ്ങളിലെ വ്യവസായികളും, വ്യക്തികളുമാണ് ശബരിമല സ്വർണക്കൊള്ള വിവാദം വന്നതിന് പിന്നാലെ വാഗ്ദാനം ചെയ്തിരുന്ന പന്ത്രണ്ട് കോടിയിലേറെ രൂപ നൽകുന്നതിൽ നിന്നും പിന്മാറിയത്. ദേവസ്വം ബോർഡ് കത്തെഴുതി പണം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കേരള ബാങ്ക്, ധനലക്ഷ്മി ബാങ്ക്, അദാനി ഗ്രൂപ്പ് എന്നിവരാണ് നാല് കോടി നൽകിയത്. പരമാവധി സ്പോൺസർഷിപ്പ് നേടി കരുതൽ തുകയാക്കാം എന്ന ലക്ഷ്യമാണ് ശബരിമല സ്വർണക്കൊള്ള വിവാദം വന്നതിന് പിന്നാലെ തടസപ്പെട്ടത്. 

ആരെങ്കിലും നേരത്തെ പണം നൽകിയിട്ടുണ്ടോ, വാഗ്ദാനം ചെയ്തിരുന്ന തുക നൽകാനാവുമോ എന്ന കാര്യം ഒരിക്കൽക്കൂടി ബോർഡ് രേഖാമൂലം ആരായും. വാഗ്ദാനം ചെയ്ത പണം കിട്ടാത്ത സാഹചര്യമുണ്ടായാൽ ചെലവിനത്തിൽ തുക നൽകേണ്ടവർക്ക് കരാറിൽ പറഞ്ഞതിനെക്കാൾ പണം കുറച്ച് കൈമാറുന്നതിന് ശ്രമിക്കും. അതിന് കഴിയാത്ത സാഹചര്യമുണ്ടായാൽ സർക്കാർ ഏജൻസികളെ സമീപിക്കുന്നതിനൊപ്പം വ്യവസായികളോടും സഹായം തേടി അയ്യപ്പ സംഗമത്തിന് വേണ്ടി വന്ന തുകയുടെ ചെലവിൽ ഉൾക്കൊള്ളിക്കാനാണ് ലക്ഷ്യം. 

ഒരു രൂപ പോലും ബോർഡിന് നഷ്ടമുണ്ടായാൽ ഹൈക്കോടതിയിൽ മറുപടി പറയേണ്ടി വരുമെന്ന സാഹചര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കാനാണ് പുതിയ ഭരണസമിതിയുടെ ശ്രമം. ഈമാസം പതിനേഴിന് ബോർഡ് യോഗം ചേരുന്നതിന് മുൻപായി പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു.

ENGLISH SUMMARY:

The Travancore Devaswom Board has stated that the sponsors backing out of their promised contributions for the Global Ayyappa Summit is a direct fallout of the Sabarimala gold heist controversy. Various organizations and individuals who had promised around ₹12 crore reportedly refused to provide the funds after the gold smuggling issue surfaced. The Board’s explanation is seen as an attempt to save face, as even for the funds already received, they were unable to present adequate documentation before the High Court.