ബേപ്പൂർ തുറമുഖം പിപിപി മാതൃകയിൽ വികസിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞതിനെ പരിഹസിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി പിവി അന്‍വര്‍. ഭാവിയിൽ ബേപ്പൂർ ഒരു പോർട്ട് സിറ്റിയായി മാറുവാനും നാടിനാകെ സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധി കൈവരിക്കുവാനും മന്ത്രിസഭയുടെ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്.

ഈ പതിനൊന്നാം മണിക്കൂറിൽ മന്ത്രിസഭ കൂടുന്നു, ബേപ്പൂർ തുറമുഖം അങ്ങ് വികസിപ്പിച്ചു കളയാൻ തീരുമാനമെടുക്കുന്നു, നടന്നതു തന്നെ എന്ന് പിവി അന്‍വര്‍ പരിഹാസ രൂപേണ ഫെയ്സ്ബുക്കില്‍ കുറിച്ചു. നിരവധി പേർക്ക് തൊഴിൽ അവസരം സൃഷ്ടിക്കുന്നതിനും നിലവിൽ തൊഴിൽ ചെയ്യുന്നവരുടെ വരുമാനം വർദ്ധിക്കുന്നതിനും മന്ത്രിസഭയുടെ ഈ തീരുമാനം സഹായിക്കുമെന്നാണ് മന്ത്രിയുടെ വാദം. 

ഈ പതിനൊന്നാം മണിക്കൂറിൽ ബേപ്പൂർ പോർട്ടിൽ തൊഴിൽ സൃഷ്ടിക്കുമെത്രേ,  അഭിവൃദ്ധി കൈവരുമെത്രെ, എന്തൊരു പ്രഹസനമാണെന്ന് അന്‍വര്‍ പരിഹസിക്കുന്നു.  പോർട്ട് വികസനുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗവുമായി ചർച്ച ചെയ്ത്  അവരുടെയെല്ലാം നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് മറ്റ് കാര്യങ്ങൾ നടപ്പിലാക്കുമെന്നാണ് തുറമുഖ വകുപ്പ് മന്ത്രിയുമായി നടന്ന ചർച്ചയിൽ തീരുമാനിച്ചിട്ടുള്ളതെന്ന് മുഹമ്മദ് റിയാസ് പറയുന്നു.  

പോർട്ട് വികസനമെന്ന ദീർഘകാലത്തെ നാടിൻ്റെ സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ സഹായിച്ച  മുഖ്യമന്ത്രി  പിണറായി വിജയനും തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവനും മന്ത്രിസഭാ അംഗങ്ങൾക്കും നാടിന് വേണ്ടി നന്ദി അറിയിക്കുന്നുവെന്ന് പറഞ്ഞാണ് മന്ത്രിയുടെ പോസ്റ്റ് അവസാനിക്കുന്നത്. പൊന്നു സഹോദരാ ഇങ്ങനെ പേടിച്ചാലോ, ഭയപ്പെട്ടാൽ പിന്നെ ഇങ്ങനെയാണ് ചെയ്യുന്നതെല്ലാം എന്ന പരിഹാസത്തോടെയാണ് അന്‍വര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ENGLISH SUMMARY:

Beypore port PPP model development is a topic of discussion, with Tourism Minister PA Mohammed Riyas announcing plans for its expansion. PV Anvar has expressed his criticism of this decision through a Facebook post, questioning the timing and intent behind the proposed development.