sabarimala

ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയുടെ മറവിലും സ്വര്‍ണക്കൊള്ള നടന്നെന്ന് സൂചിപ്പിച്ച് ദേവസ്വം വിജിലന്‍സിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. സ്വര്‍ണത്തിന്‍റെ അളവില്‍ വ്യക്തതയില്ലെന്നാണ് കണ്ടെത്തല്‍.  എന്നാല്‍ സ്വര്‍ണത്തിന് കൃത്യമായ കണക്കുണ്ടെന്നും വി.ഡി.സതീശന്‍റെ ജാഥ എറണാകുളത്ത് വരുമ്പോള്‍ തന്നെ ചോദ്യം ചെയ്യാനുള്ള രാഷ്ട്രീയ നീക്കമാണ് ഇതെന്നും ദേവസ്വംബോര്‍ഡ് മുന്‍ അംഗം അജയ് തറയില്‍ ആരോപിച്ചു. 

2017ലെ കൊടിമര പുനപ്രതിഷ്ഠയിലെ അന്വേഷണം നീളുന്നത് വാജിവാഹനം തന്ത്രി കൊണ്ടുപോയതിലേക്കല്ല, യു.ഡി.എഫിന്‍റെ കാലത്ത് ശബരിമലയില്‍ നിന്ന് സ്വര്‍ണം കൊള്ളയടിച്ചോ എന്നതിലേക്കാണ്. കൊടിമരത്തില്‍ പൂശാനായി 9 കിലോ 160 ഗ്രാം സ്വര്‍ണം ദേവസ്വം ബോര്‍ഡ് പണം നല്‍കി കസ്റ്റംസില്‍ നിന്ന് വാങ്ങിയിരുന്നു. ഇതുകൂടാതെ 412 ഗ്രാം സ്വര്‍ണം ഭക്തര്‍ സംഭാവനയായി നല്‍കി. സിനിമാതാരം നല്‍കിയ 80 ഗ്രാമും നിര്‍മാതാവ് നല്‍കിയ 247 ഗ്രാമും ഇതില്‍ ഉള്‍പ്പെടും.

ആകെ 9 കിലോ 570 ഗ്രാം സ്വര്‍ണം ലഭിച്ചപ്പോള്‍ 9 കിലോ 340 ഗ്രാം മാത്രമാണ് ഉപയോഗിച്ചത്. ബാക്കിവന്ന 233 ഗ്രാം അഥവാ 30 പവന്‍ സ്വര്‍ണം എവിടെയെന്ന് രേഖയില്ല. 27 ഭക്തര്‍ സ്വര്‍ണം സംഭാവന ചെയ്തെന്ന് പറയുമ്പോഴും 12 പേര്‍ നല്‍കിയ സ്വര്‍ണത്തിന്‍റെ അളവ് രേഖപ്പെടുത്തുകയോ രസീത് നല്‍കുകയോ ചെയ്തിട്ടില്ല.

മിച്ചം വന്ന സ്വര്‍ണം താഴികകൂടത്തില്‍ പൂശിയെന്ന് അന്ന് ബോര്‍ഡംഗമായിരുന്ന അജയ് തറയില്‍ പറഞ്ഞു. രസീത് കൊടുക്കാത്തതിന്‍റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണ്. ഇപ്പോഴത്തെ വിജിലന്‍സ് അന്വേഷണത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്നും അജയ് തറയില്‍ ആരോപിച്ചു.

കൊടിമര പുനപ്രതിഷ്ഠാ നടപടികള്‍ക്ക് നേതൃത്വം കൊടുത്ത അഭിഭാഷക കമ്മീഷന്‍ എ.എസ്.പി.കുറുപ്പിനും  റിപ്പോര്‍ട്ടില്‍ കുരുക്കുണ്ട്. എക്സിക്യുട്ടീവ് ഓഫീസര്‍ സ്വീകരിക്കേണ്ട സ്വര്‍ണം അഭിഭാഷക കമ്മീഷന്‍ സ്വീകരിച്ചതിലാണ് സംശയം ഉന്നയിക്കുന്നത്. ഇതെല്ലാം പരിശോധിച്ചുകൊണ്ടുള്ള വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണത്തിന് നാളെ തുടക്കമാവും.

ENGLISH SUMMARY:

Sabarimala gold theft allegations are surfacing following a Devswom vigilance investigation report indicating that gold was misappropriated during the re-installation of the Kodimaram (flagstaff). The report highlights discrepancies in the recorded amount of gold used and missing, sparking political debate and further scrutiny.