ചലച്ചിത്ര പ്രവര്‍ത്തകയെ കയറിപ്പിടിച്ചെന്ന കേസില്‍ സംവിധായകനും സി.പി.എം മുന്‍ എം.എല്‍.എയുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം. തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ വെച്ച് കയറിപിടിച്ചെന്ന് പൊലീസ്. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷകിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
സി.പി.എം മുന്‍ എം.എല്‍.എയും സംവിധായകനുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ കുരുക്കു മുറുക്കിയിരിക്കുകയാണ് പൊലീസ്. തനിക്കെതിരായ പരാതി വ്യാജമെന്ന വാദങ്ങളെല്ലാം തള്ളി കുറ്റക്കാരനെന്ന് ഉറപ്പിച്ച് കോടതിയില്‍ കുറ്റപത്രം നല്‍കി. ഡോക്യുമെന്‍ററി സംവിധായികയായ ചലച്ചിത്ര പ്രവര്‍ത്തകയാണ് പരാതിക്കാരി. കഴിഞ്ഞ നവംബര്‍ 6ന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് കടന്ന് പിടിച്ചെന്നും ലൈംഗികമായി അപമാനിച്ചെന്നുമാണ് പരാതി.
രാജ്യാന്തര ചലച്ചിത്ര മേളയുടെ മുന്നോടിയായുള്ള ഡോക്യുമെന്‍ററി സ്ക്രീനിങ്ങിനെത്തിയ സമയത്തായിരുന്നു അതിക്രമമെന്നും പരാതിയില്‍ പറയുന്നു. ചലച്ചിത്ര പ്രവര്‍ത്തക രഹസ്യമൊഴിയിലും പരാതി ആവര്‍ത്തിച്ചു. ചലച്ചിത്ര പ്രവര്‍ത്തകരായ ആറ് പേര്‍ അതിക്രമ വിവരം പരാതിക്കാരി പറഞ്ഞതായി മൊഴി നല്‍കി. കുറ്റകൃത്യം നടന്നതായി പറയുന്ന സമയം പി.ടി.കുഞ്ഞുമുഹമ്മദ് താമസിച്ചിരുന്ന മുറിയുടെ സമീപത്ത് നിന്ന് പരാതിക്കാരി തിടുക്കത്തില്‍ നടന്ന് വരുന്ന സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചു.
ഇതെല്ലാം തെളിവായി ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളുമാണ് കന്‍റോണ്‍മെന്‍റ് പൊലീസ് ചുമത്തിയിരിക്കുന്നത്.